തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ മാനേജ്െമൻറ്തല അഴിച്ചുപണിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിലുള്ള ആദ്യ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് (ഡി.ജി.എം) നിയമനമായി. നിലവിലെ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള എക്സിക്യൂട്ടിവ് ഡയറക്ടറുടെ (ഇ.ഡി) മുകളിലാണ് ധനകാര്യചുമതലകൾ കൂടി നൽകി പുതിയ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് നിയമനം നൽകിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിന് പഠനംനടത്തി റിപ്പോർട്ട് സമർപ്പിച്ച പ്രഫ. സുശീൽഖന്നയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടർമാരുടെ അധികാരം വെട്ടിക്കുറച്ച് ഇവരെ മേഖലകളിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് മാനേജ്മെൻറ് തലപ്പത്ത് എം.ബി.എ ബിരുദമുള്ളവരെയും 15 വർഷം പ്രവർത്തനപരിചയമുള്ളവരെയും ജനറൽ മാനേജർമാരും ഡെപ്യൂട്ടി ജനറൽ മാനേജർമാരുമായും നിയമിക്കുന്നത്. അടുത്തഘട്ടമെന്ന നിലയിൽ ടെക്നിക്കൽ വിഭാഗത്തിെൻറ ചുമതലയുള്ള ഡെപ്യൂട്ടി ജനറൽ മാനേജറുടെ നിയമന നടപടികളും ഏതാണ്ട് അവസാനഘട്ടത്തിലാണെന്നാണ് വിവരം. ഫിനാൻസ്/അഡ്മിനിസ്ട്രേഷൻ, ടെക്നിക്കൽ, ഒാപറേഷൻസ് വിഭാഗങ്ങളിലാണ് സമഗ്ര അഴിച്ചുപണിക്ക് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഭാവിയിൽ എക്സിക്യൂട്ടിവ് ഡയറക്ടർമാരുടെ ചുമതല കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന ജനറൽ മാനേജർമാർക്കായിരിക്കും.
അഡ്മിനിസ്ട്രേഷെൻറയും ധനകാര്യത്തിെൻറയും ചുമതലയുള്ള ഡെപ്യൂട്ടി ജനറൽ മാനേജർക്ക് ഒരു ലക്ഷം രൂപയാണ് പ്രതിമാസ വേതനം. മൂന്ന് വർഷത്തേക്കാണ് നിയമനം. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ലഭ്യമാകുന്ന മറ്റ് ആനൂകൂല്യങ്ങളൊന്നും ഇവർക്കുണ്ടാവില്ല. ജോലിയിൽ സ്ഥിരപ്പെടുത്തില്ലെന്ന് പ്രത്യേകം നിബന്ധനയും കരാറിലുണ്ട്. മാത്രമല്ല, പ്രവർത്തനമോ പെരുമാറ്റമോ തൃപ്തികരമല്ലെന്ന് കണ്ടാൽ സേവനം അവസാനിപ്പിക്കാൻ കോർപറേഷന് അനുവാദമുണ്ടെന്നും നിയമനം സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലെ നിലവിലെ മാനേജ്മെൻറ് പൂർണമായും പുനഃസംഘടിപ്പിക്കുമെന്ന് ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. കെ.-എസ്.ആർ.ടി.സിക്ക് നിലവിൽ അഞ്ച് സോണുകളാണുള്ളത്.ഇത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങെന മൂന്നായി തിരിക്കാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.