മടിവാളയിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർ.ടി.സി സർവീസ്: ഓണത്തിന് മുന്നോടിയായി സർവിസ് ആരംഭിക്കും

ബെംഗളൂരു: മടിവാളയിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നു. ഓണത്തിന് മുന്നോടിയായി കണ്ണൂരിലേക്ക് നോൺ എ.സി സ്ലീപ്പർ പല്ലക്കി സർവീസാണ് ആരംഭിക്കുന്നത്. ശാന്തിനഗർ, സാറ്റലൈറ്റ് എന്നിവിടങ്ങളിലെ ബോർഡിങ് പോയിന്റുകൾ തുടരും. നിലവിൽ സ്വകാര്യ ബസുകൾ മാത്രമാണ് മടിവാളയിൽ നിന്ന് സർവീസ് നടത്തുന്നത്.

നഗരത്തിന്റെ തെക്കൻ മേഖലയിൽ നിന്നുള്ളവർക്കാണ് മടിവാളയിൽ നിന്നുള്ള സർവീസുകൾ കൂടുതൽ സൗകര്യപ്രദമാകുക. കേരള, കർണാടക ആർ.ടി.സികളുടെ സേലം വഴിയുള്ള ബസുകൾക്ക് മടിവാളയ്ക്ക് സമീപം സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ ബോർഡിങ് പോയിന്റ് അനുവദിച്ചിട്ടുണ്ടെങ്കിലും മലബാർ മേഖലയിലേക്കുള്ള യാത്രക്കാർ ശാന്തിനഗർ, സാറ്റലൈറ്റ് ബസ് ടെർമിനലുകളെ തന്നെ ആശ്രയിക്കണം.

കർണാടക ആർ.ടി.സിയുടെ കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും ശാന്തിനഗറിൽ നിന്നാണ് പുറപ്പെടുന്നത്. കേരള ആർ.ടി.സിയുടെ ഓപ്പറേറ്റിങ് സെന്റർ മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെർമിനലാണെങ്കിലും ശാന്തിനഗർ, പീനിയ ബസവേശ്വര ടെർമിനൽ എന്നിവിടങ്ങളിൽ നിന്ന് ആറുവീതം സർവീസുകൾ നടത്തുന്നുണ്ട്. കർണാടക ആർ.ടി.സി പീനിയയിൽ നിന്ന് മലബാർ മേഖലയിലേക്ക് നാല് സർവീസുകൾ നേരത്തെ തുടങ്ങിയിരുന്നെങ്കിലും പിന്നീട് നിർത്തലാക്കി.

കേരള ആർ.ടി.സിയുടെ കോറമംഗല ബി.എം.ടി.സി ഡിപ്പോയിൽ നിന്നുള്ള കണ്ണൂർ ഡീലക്സ് സർവീസ് ആദ്യം ഉണ്ടായിരുന്നുവെങ്കിലും കോവിഡിന് ശേഷം പുനരാരംഭിച്ചില്ല. മലയാളി കൂട്ടായ്മകളുടെ നിരന്തരമായ സമ്മർദത്തെ തുടർന്നാണ് കോറമംഗലയിൽ നിന്ന് 2015 നവംബറിൽ കണ്ണൂരിലേക്ക് സർവീസ് ആരംഭിച്ചത്. മടിവാള, ശാന്തിനഗർ, സാറ്റലൈറ്റ് വഴിയായിരുന്നു ബസ് സർവീസ് ആരംഭിച്ചത്. മടിവാളയിൽ കേരള ആർ.ടി.സിയുടെ ഫ്രാഞ്ചൈസി ടിക്കറ്റ് കൗണ്ടറും ഇതിനൊപ്പം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് അതും നിലച്ചു.

Tags:    
News Summary - മടിവാളയിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർ.ടി.സി സർവീസ്: ഓണത്തിന് മുന്നോടിയായി സർവിസ് ആരംഭിക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.