തിരുവനന്തപുരം/കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് യൂനിറ്റുകളിലെ വരുമാനത്തിന് ആനുപാതികമായി ശമ്പളം നൽകൂവെന്ന നിർദേശം തള്ളി യൂനിയനുകൾ. ഡിപ്പോകളിൽ വരുമാനവർധനക്കായി ടാർഗറ്റ് നിശ്ചയിച്ചിട്ടുണ്ട്. ശമ്പളത്തിന് അത് മാനദണ്ഡമാക്കണമെന്ന നിർദേശം അംഗീകരിക്കുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി എംേപ്ലായീസ് അസോസിയേഷൻ അറിയിച്ചു. പൊതുമേഖലാ സ്ഥാപനത്തിൽ ശമ്പളവിതരണത്തിന് നിയമവും ചട്ടങ്ങളും ഉണ്ടെന്നിരിക്കെ തൊഴിലാളിവിരുദ്ധ നീക്കവുമായി വന്നാൽ അംഗീകരിക്കാനാകില്ല.
വരുമാന വർധന ലഭ്യമാകുന്ന ദീർഘദൂര സർവിസുകൾ സ്വിഫ്റ്റിന് നൽകി. 10-15 വർഷം പഴക്കമുള്ള വാഹനം ഉപയോഗിച്ചാണ് മറ്റ് സർവിസുകൾ നടത്തുന്നത്. യാത്രക്കാരുടെ ആവശ്യമനുസരിച്ചുള്ള സർവിസുകൾ കൂടിയ വരുമാനത്തിന്റെ അടിസ്ഥാനത്തിലാക്കേണ്ടിവന്നാൽ പലതും നിർത്തേണ്ടിവരും. കുട്ടികൾക്കുള്ള യാത്രാ സൗജന്യങ്ങളും ഉപേക്ഷിക്കേണ്ടിവരും. ഇതൊന്നും മനസ്സിലാക്കാതെയുള്ള തീരുമാനത്തിനെതിരെ 28ന് ചീഫ് ഓഫിസിന് മുന്നിൽ ധർണ നടത്തും.
അതിനിെട, വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ നാലുമാസത്തിനകം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് ആനുകൂല്യങ്ങൾ നാലുമാസത്തിനകം കൊടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി നൽകിയ ഹരജിയാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.