കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്കിൽ; സർവീസുകൾ തടസപ്പെട്ടു

കൊല്ലം: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രതിഷേധ പണിമുടക്ക് തുടങ്ങി. കൊല്ലം, തൃശൂർ, പത്തനംതിട്ട, മുവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, കോഴിക്കോട്, കൽപ്പറ്റ, താമരശേരി ഡിപ്പോകളിലാണ് ജീവനക്കാർ പണിമുടക്കുന്നത്. കൊല്ലത്ത് ഇടതു തൊഴിലാളി സംഘടനയായ സി.ഐ.ടി.യു അടക്കമുള്ളവയാണ് സമരം നടത്തുന്നത്. താമരശേരിയിൽ കോൺഗ്രസ് തൊഴിലാളി സംഘടന ഐ.എൻ.ടി.യു.സിയാണ് അനിശ്ചികാത സമരം ആരംഭിച്ചത്. തൃശൂരിൽ എ.റ്റി.ഒയുടെ ഓഫീസ് സമരക്കാർ ഉപരോധിച്ചു.

അതേസമയം, എറണാകുളം ഡിപ്പോയിൽ ശമ്പളം ലഭിച്ചതിനാൽ ഇവിടുത്തെ തൊഴിലാളികൾ പണിമുടക്കുന്നില്ല. പാലക്കാട് ജില്ലയിലും സുൽത്താൻ ബത്തേരിയിലും സർവീസുകളെ പണിമുടക്ക് ബാധിച്ചില്ല. ചിറ്റൂർ ഡിപ്പോയിലെ മൂന്നു സർവീസുകൾ തടസപ്പെട്ടു. കൊച്ചി റൂട്ടിലും എം.സി റോഡിലും ബസുകൾ ഒാടുന്നില്ല.

കടം നല്‍കുന്നതിൽ നിന്ന് ധനകാര്യ സ്ഥാപനങ്ങള്‍ പിന്മാറിയതോടെയാണ് ശമ്പള വിതരണം നിലച്ചത്. മാസത്തെ അവസാന പ്രവൃത്തി ദിവസം ശമ്പളം നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും നാലാം തീയതി പിന്നിട്ടിട്ടും 32 ഡിപ്പോകളില്‍ വിതരണം ചെയ്യാനായില്ല. നിശ്ചയിച്ച സമയം കഴിഞ്ഞ് മൂന്നു ദിവസം പിന്നിട്ടിട്ടും പല കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും ശമ്പളം എത്താതിരുന്നതോടെയാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

93ല്‍ 61 ഡിപ്പോകളിലെ ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കിയത്. ധനകാര്യ സ്ഥാപനങ്ങള്‍ കൈമലര്‍ത്തിയതോടെ കഴിഞ്ഞ തവണ വായ്പയെടുത്തതില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി നീക്കിവെച്ച തുകയും ഇന്ധനച്ചെലവിനത്തില്‍ ഐ.ഒ.സിക്ക് നല്‍കാനുള്ളതും വകമാറ്റിയാണ് ശമ്പള വിതരണത്തിന് വിനിയോഗിച്ചത്. എന്നിട്ടും 59 കോടി വേണ്ടിടത്ത് 34 കോടിയേ കണ്ടെത്താനായുള്ളൂ.

ശേഷിക്കുന്ന തുക എസ്.ബി.ടിയിൽ നിന്ന് വായ്പയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഏതാനും ഡിപ്പോകള്‍ പണയപ്പെടുത്തിയാണ് സെപ്റ്റംബറില്‍ ശമ്പളത്തിന് വക കണ്ടെത്തിയത്. ഇത്തവണ വസ്തുവോ മറ്റോ ഈട് വെക്കാതെ തുക കണ്ടെത്താനും നീക്കമുണ്ട്.

 

Tags:    
News Summary - ksrtc employees strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.