‘പ്രശ്നങ്ങളുണ്ടാക്കിയ മേയറും എം.എൽ.എയും ജനങ്ങളെ പറ്റിക്കുകയാണ്’; നിയമനടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ കേസിന്‍റെ കുറ്റപത്രത്തിൽ നിന്ന് മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിൻദേവിനെയും ഒഴിവാക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡ്രൈവർ യദു. മുഴുവൻ പ്രതികളെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തും വരെ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താനൊരു കുറ്റവും ചെയ്തിട്ടില്ല. പ്രൈവറ്റ് ബസിൽ ലീവ് ഒഴിവിലാണ് ഇപ്പോൾ ബസ് ഓടിക്കുന്നത്. കെ.എസ്.ആർ.ടി.സിയിലേക്ക് തിരിച്ചെടുത്തിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടാക്കിയ മേയറും എം.എൽ.എയും ജനങ്ങളെ പറ്റിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചെന്ന കുറ്റം മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും യദു മാധ്യമങ്ങളോട് വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിൻദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കാറോടിച്ച മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് പ്രതി.

അതേസമയം, എഫ്.ഐ.ആറിൽ പേരുള്ള എല്ലാവരെയും പ്രതിയാക്കണമെന്നും കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ട് നേമം സ്വദേശിയും മുൻ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുമായ യദു പുതിയ ഹരജി നൽകി. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടാനിയ മറിയം ജോസാണ് കേസ് പരിഗണിക്കുന്നത്.

2024 ഏപ്രില്‍ 27നാണ് സംഭവം. വാഹനം കടത്തിവിട്ടില്ലെന്ന് ആരോപിച്ച് മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് തടയുകയും ഡ്രെവറുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തുവെന്നാണ് കേസ്. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാരോപിച്ച് അന്ന് രാത്രിയിൽ മേയര്‍ മ്യൂസിയം പൊലീസിൽ പരാതി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു തുടങ്ങിയവ ചൂണ്ടിക്കാട്ടി യദു പരാതി നല്‍കിയെങ്കിലും കേസെടുക്കാൻ പൊലീസ് കൂട്ടാക്കിയില്ല.

തുടർന്ന് കോടതി നിർദേശാനുസരണമാണ് മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ദേവ് എം.എല്‍.എ, മേയറുടെ സഹോദരൻ അരവിന്ദ്, അരവിന്ദിന്‍റെ ഭാര്യ ആര്യ, അരവിന്ദിന്റെ സുഹൃത്ത് എസ്.ആർ. രാജീവ് എന്നിവരെ പ്രതിയാക്കി കന്‍റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ നാലുപേരെ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി ചേർക്കപ്പെട്ടയാൾക്ക് പെറ്റി കേസ് മാത്രമാക്കി പിഴയിട്ടു.

അഞ്ചു പേരെയും തന്നോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ മാണിക്കൽ കട്ടക്കൽ കൊപ്പം ലൈല മൻസിലിൽ സുബിനെയും പ്രതിയാക്കണമെന്നാണ് യദുവിന്റെ ആവശ്യം. സുബിനാണ് ബസിലുണ്ടായിരുന്ന മെമ്മറി കാർഡ് മേയർ അടക്കമുള്ള പ്രതികളുടെ സമ്മർദത്തെ തുടർന്ന് നശിപ്പിച്ചതെന്നാണ് യദുവിന്റെ ആരോപണം.

Tags:    
News Summary - KSRTC driver Yadhu react to Mayor Arya Rajendran and Sachin Dev Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.