കടവും നഷ്ടവും കെ.എസ്.ആര്‍.ടി.സിയെ വിഴുങ്ങുന്നു

തിരുവനന്തപുരം: ശമ്പളപ്രതിസന്ധിയും പെന്‍ഷന്‍ ബാധ്യതയും കെ.എസ്.ആര്‍.ടി.സിയെ വരിഞ്ഞ് മുറുക്കുമ്പോള്‍ കടവും പലിശയും കോര്‍പറേഷന്‍െറ നിലനില്‍പിനത്തെന്നെ ഭീഷണിയിലാഴ്ത്തുന്നു. ഡിപ്പോകള്‍ക്ക് പുറമേ ഭൂമിയും പണയം വെച്ചാണ് ഈ മാസം വായ്പക്ക് ശ്രമിച്ചത്. ശമ്പള , ആനുകൂല്യ വിഷയത്തില്‍ ഇടതുപക്ഷ യൂനിയനുകളടക്കം അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ യോഗം വിളിച്ചിരിക്കുകയാണ്. ശമ്പളമുടക്കം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു ഇടപെടലും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ല. വിഷയം പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനും കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ പ്രഫ. സുശീല്‍ ഖന്നയെ നിയോഗിച്ചിട്ടുണ്ടെന്ന് മാത്രമാണ് വിശദീകരണം.

പ്രതിമാസത്തെ വരവും ചെലവും തമ്മിലെ അന്തരം ശരാശരി 135 കോടിയിലത്തെി. വിവിധ ധനകാര്യസ്ഥാപനങ്ങള്‍ക്കുള്ള 2726.07 കോടിയും സര്‍ക്കാറിനുള്ള 1704.66 കോടിയുമടക്കം ആകെ കടം 4430.73 കോടിയാണ്. ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ നഷ്ടവും ഓണക്കാല ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ കടമെടുത്തതും ഡീസല്‍ കുടിശ്ശികയുമടക്കം ബാധ്യതകള്‍ ഇതിനു പുറമേയാണ്. 2013 ഏപ്രിലിന് ശേഷം സര്‍വിസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷനാണ്. ഈ ഇനത്തില്‍ ശമ്പളത്തില്‍നിന്ന് പിടിച്ച തുക ഇനിയും കണക്കില്‍പ്പെടുത്തിയിട്ടില്ല. നാല്‍പത്തയ്യായിരത്തോളം തൊഴിലാളികളും മുപ്പത്തൊമ്പതിനായിരത്തോളം പെന്‍ഷന്‍കാരുമാണുള്ളത്.

സംസ്ഥാനത്തൊട്ടാകെ സര്‍വിസ് നടത്തുന്ന മൊത്തം ബസുകളുടെ 27 ശതമാനം മാത്രമാണ് കെ.എസ്.ആര്‍.ടി.സിയുടെ വിഹിതം. ആകെയുള്ള അഞ്ച് സോണുകളില്‍ തിരുവനന്തപുരം മേഖലയില്‍ ഇത് 70 ശതമാനവും കൊല്ലം മേഖലയില്‍ 40 ഉം എറണാകുളത്ത് 30 ഉം തൃശൂര്‍, കോഴിക്കോട് മേഖലകളില്‍ 20 ശതമാനവുമാണ് കെ.എസ്.ആര്‍.ടി.സിയുടെ വിഹിതം. ആകെയുള്ള 5840 ഷെഡ്യൂളുകളിലായി 19,96,543 കിലോമീറ്റര്‍ പ്രതിദിനം സര്‍വിസ് നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍, 4200 -4300 സര്‍വിസുകളിലായി 14.21 ലക്ഷം കിലോമീറ്ററേ നിലവില്‍ സര്‍വിസ് നടക്കുന്നുള്ളൂ. യാത്രക്കാരുടെ എണ്ണം 35 ലക്ഷത്തില്‍നിന്ന് 24 ലക്ഷമായി കുറഞ്ഞുവെന്നും ഒൗദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

മൊത്തം വാഹനങ്ങളില്‍ 17.4 ശതമാനം പല കാരണങ്ങളാല്‍ നിരത്തിലിറങ്ങുന്നില്ല. ഇത് ഏതാണ്ട് 1500 എണ്ണം വരും. മൊത്തം വാഹനവ്യൂഹം ഉപയോഗിക്കുന്ന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റവും പിന്നിലാണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ടിന്‍െറ (സി.ഐ.ആര്‍.ടി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജീവനക്കാരുടെ കുറവു മൂലം പ്രതിദിനം 10  ശതമാനം വരെയുള്ള  സര്‍വിസ് റദ്ദാക്കുന്നുണ്ട്.

വിവിധ ധനകാര്യസ്ഥാപനങ്ങള്‍ക്ക് വായ്പ ഇനത്തില്‍ അടയ്ക്കാനുള്ള  തുക

(ധനകാര്യസ്ഥാപനത്തിന്‍െറ പേര്, അടയ്ക്കാനുള്ള തുക-കോടിയില്‍, പലിശനിരക്ക് എന്നീ ക്രമത്തില്‍)

  • കെ.ടി.ഡി.എഫ്.സി                           -             599.26       12.65 ശതമാനം
  • എല്‍.ഐ.സി                                     -               98.26       13 ശതമാനം
  • പാലക്കാട് ജില്ലാ സഹകരണ ബാങ്ക്  -              100.89      12 ശതമാനം
  • കെ.എസ്.പി.ഐ.എഫ്.സി              -                 43.35      12.50 ശതമാനം
  • ട്രാന്‍.എംപ്ളോയീസ് സൊസൈറ്റി    -                 6.49         10.50 ശതമാനം
  • എസ്.ബി.ടി                                       -               127.50        12.00 ശതമാനം     

ബാങ്ക് കണ്‍സോര്‍ട്യം

  • എസ്.ബി.ഐ                                     -           347.96       11.60 ശതമാനം
  • എസ്.ബി.ടി                                         -           273.44      11.80 ശതമാനം
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്    -            49.69        11.80 ശതമാനം
  • കനറാ ബാങ്ക്                                    -            198.42       11.75 ശതമാനം
  • യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ          -               99.20        11.65
  • ആന്ധ്രബാങ്ക്                                   -               99.38        12.00 ശതമാനം
  • വിജയബാങ്ക്                                      -              99.37         12 ശതമാനം
  • ലക്ഷ്മിവിലാസം ബാങ്ക്                    -               73.59          11.75 ശതമാനം
  • കേരള ഗ്രാമീണ്‍ ബാങ്ക്                      -              49.21         12 ശതമാനം
Tags:    
News Summary - ksrtc dept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.