ബസുകൾ ഇനി വഴിയിൽ സർവിസ് മുടക്കില്ല; പകരം സംവിധാനം ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് സമയത്ത് ബ്രേക്ക് ഡൗണായോ അപകടങ്ങൾ കാരണമോ തുടർ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ നിർദേശം. ബ്രേക്ക് ഡൗൺ സംഭവിച്ചാൽ യാത്രക്കാരെ ഒരു കാരണവശാലും 30 മിനിറ്റിലധികം വഴിയിൽ നിർത്തരുതെന്നാണ് സി.എം.ഡിയുടെ നിർദേശം. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ ഉടൻ തന്നെ പകരം സംവിധാനം ഏർപ്പെടുത്തി യാത്ര ഉറപ്പാക്കും.

ബ്രേക്ക് ഡൗണോ ആക്സിഡന്‍റോ കാരണം ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കി കെ.എസ്.ആർ.ടി.സി ബസിനോട് യാത്രക്കാർക്കുള്ള വിശ്വാസ്യത വർധിപ്പിക്കുന്നതിന് വേണ്ടി ഉടൻ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കും. മുൻകൂർ റിസർവേഷൻ ഏർപ്പെടുത്തിയ സർവിസുകൾ മുന്നറിയിപ്പില്ലാതെ യാത്ര തുടങ്ങും മുമ്പ് ക്യാൻസൽ ചെയ്യുന്നതായുള്ള പരാതിയും ഇനി മുതൽ ഉണ്ടാകില്ല. മുൻകൂർ റിസർവേഷൻ ചെയ്ത സർവിസുകൾ മുടക്കം കൂടാതെ തന്നെ നടത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിക്കഴി‍ഞ്ഞു.

യാത്രാക്കിടെ ബ്രേക്ക് ഡൗണോ അപകടമോ ഉണ്ടായാൽ കണ്ടക്ടർമാർ അഞ്ചു മിനിറ്റിനകം തന്നെ ഈ വിവരം കൺട്രോൾ റൂമിൽ അറിയിക്കണം. അതിന്‍റെ അടിസ്ഥാനത്തിൽ കൺട്രോൾ റൂമിൽ നിന്നും ഉടൻ തന്നെ തൊട്ടടുത്ത ഡിപ്പോയിൽ അറിയിക്കുകയും തുടർന്ന് 15 മിനിറ്റിനകം പകരം സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും.

ദീർഘദൂര ബസുകൾ സർവിസിനിടയിൽ ബ്രേക്ക് ഡൗൺ ആകുന്ന സാഹചര്യത്തിൽ തൊട്ടടുത്ത ഡിപ്പോയിൽ നിന്നും പകരം ബസ് എടുത്ത് സർവിസ് തുടരാനുള്ള നടപടികൾ കൺട്രോൾ റൂമിൽ നിന്നും ബന്ധപ്പെട്ട ഡിപ്പോയെ അറിയിച്ച് ലഭ്യമാക്കും.


സർവിസ് നടത്തിയ ബസിന്‍റെ അതേ ക്ലാസിൽ ഉള്ള ബസ് ലഭ്യമായില്ലെങ്കിൽ താഴത്തെയോ, മുകളിലത്തെയോ ശ്രേണിയിൽ ലഭ്യമായ ബസ് ഏതാണോ ലഭിക്കുക അത് ഉപയോ​ഗിച്ച് തൊട്ടടുത്ത ഡിപ്പോ വരെ സർവിസ് തുടരുന്നതിനുള്ള നടപടി സ്വീകരിക്കും. തുടർന്ന് ബന്ധപ്പെട്ട യൂണിറ്റ് ഓഫിസർമാരെ വിവരം അറിയിച്ച് പകരം സംവിധാനം അടുത്ത ഡിപ്പോയിൽ നിന്നും ഒരുക്കും. അതിന്‍റെ ഉത്തരവാദിത്തം ആ യൂണിറ്റിലെ ഡി.ടി.ഒ, എ.ടി.ഒമാർക്ക് ആയിരിക്കും. 

Tags:    
News Summary - KSRTC CMD advises not to stop passengers for more than 30 minutes in case of breakdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.