ബന്ദിപ്പുർ ചെക്ക്‌പോസ്റ്റിൽ കുടുങ്ങി കെ.എസ്.ആർ.ടി.സി ബസ്; പെരുവഴിയിലായി യാത്രക്കാർ, മന്ത്രിയുടെ ഇടപെടലിൽ ആശ്വാസം

കോഴിക്കോട്: ചെക്ക്‌പോസ്റ്റിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് തുണയായി മന്ത്രി ടി. സിദ്ദിഖ്. മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിനെ കർണാടക ബന്ദിപ്പുർ ചെക്ക്‌പോസ്റ്റിൽ തടയുകയായിരുന്നു. ഇതോടെ സ്ത്രീകളടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം ദുരിതത്തിലായി. ശനിയാഴ്ച വൈകിട്ട് 6.30-ന് യാത്ര ആരംഭിച്ച ബസ് മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു. തുടർന്ന് ബസ് രാത്രി 10.30-ഓടെയാണ് ചെക്ക്‌പോസ്റ്റിൽ എത്തുന്നത്.

രാത്രി യാത്രാനിയന്ത്രണങ്ങൾ കാരണം യാത്ര തുടരാനാകാതെ വന്നതോടെ സ്ത്രീകളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള യാത്രക്കാർ പ്രയാസപ്പെട്ടു. ശുചിമുറി സൗകര്യമില്ലാത്ത അടിയന്തര സാഹചര്യത്തിൽ കടുത്ത പ്രതിഷേധവും ഉയർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി ടി. സിദ്ദിഖ് വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും കേരള, കർണാടക ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായും സർക്കാറുമായും ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് രാത്രി 12.30-ഓടെ ബസിന് ചെക്ക്‌പോസ്റ്റ് കടന്ന് കേരളത്തിലേക്ക് യാത്ര തുടരാൻ കർണാടക അധികൃതർ പ്രത്യേക അനുമതി നൽകുകയായിരുന്നു.

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ യാത്ര പുനരാരംഭിക്കാനായത് യാത്രക്കാർക്ക് ആശ്വാസമായി. ആഘോഷവേളകളിലും ഉത്സവകാലങ്ങളിലും ചെക്ക്‌പോസ്റ്റുകളിൽ ഉണ്ടാകുന്ന ഇത്തരം ഗതാഗതക്കുരുക്കുകൾ പരിഹരിക്കാൻ സ്ഥിരം സംവിധാനം വേണമെന്നും യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Tags:    
News Summary - KSRTC Bus Stuck at Bandipur; Minister Intervenes to Rescue Stranded Passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.