വീണ്ടും വിവാദങ്ങളുടെ വൈദേകം; ഇ.പിയെ വിടാതെ വീണ്ടും ആരോപണവുമായി സഹോദരീപുത്രന്‍

കണ്ണൂര്‍: സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന് അനധികൃത സ്വത്തെന്ന നിലക്ക് സംസ്ഥാന സമിതിയിൽ പി. ജയരാജൻ ഉന്നയിച്ചപ്പോൾ ആഞ്ഞടിച്ച ‘വൈദേകം’ വിവാദം വീണ്ടും പുകയുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രിറ്റ്സ് കമ്പനിക്ക് വൈദേകം നടത്തിപ്പ് കൈമാറിയാണ് അന്ന് വിവാദം കെട്ടടങ്ങിയത്. ഇപ്പോൾ ഇ.പിയുടെ കുടുംബത്തിൽനിന്നാണ് വൈദേകവും നിക്ഷേപവും സംബന്ധിച്ച് നിരന്തരം ആരോപണങ്ങൾ.

വൈദേകം ആയുര്‍വേദ റിസോര്‍ട്ടിലെ നിക്ഷേപത്തെച്ചൊല്ലി ഇ.പി. ജയരാജനെയും ഭാര്യ പി.കെ. ഇന്ദിരയെയും ലക്ഷ്യമിട്ട് സഹോദരീപുത്രന്‍ ഇ.പി. ശ്യാംജിത്ത് വീണ്ടും രംഗത്തെത്തി. കേരള ബാങ്കില്‍നിന്നു വിരമിച്ച ഇന്ദിര റിസോര്‍ട്ടില്‍ ഓഹരി എടുത്തത് വിരമിക്കൽ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണോ എന്നാണ് ശ്യാംജിത്ത് സമൂഹമാധ്യമ കുറിപ്പിലൂടെ ചോദിച്ചത്. വിരമിച്ച ഒരാള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എത്രയാണെന്നും ആ തുകയുടെ കണക്കും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവരേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു. ‘ഇനിയും കുറെ തെളിവുകളും രേഖകളും ബന്ധങ്ങളും പുറത്തുവരാനുണ്ട്, കാത്തിരിക്കൂ’ എന്ന മുന്നറിയിപ്പോടെയാണു കുറിപ്പ് അവസാനിക്കുന്നത്.

മറ്റൊരു കുറിപ്പില്‍, സി.പി.എമ്മിനെതിരെ നീങ്ങിയ ജോസഫ് തോമസിനെ റിസോര്‍ട്ടില്‍ ജനറല്‍ മാനേജരായി നിയമിച്ചത് ഇന്ദിരയാണെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ടെന്നും ശ്യാംജിത്ത് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ശ്യാംജിത്തിന്റെ അക്കൗണ്ടില്‍ വന്ന പോസ്റ്റാണ് വൈദേകം വീണ്ടും ചർച്ചയാകാൻ കാരണം. സി.എം.ആര്‍.എൽ എം.ഡി ശശിധരന്‍ കര്‍ത്തയില്‍നിന്ന് ഇന്ദിര പണം വാങ്ങിയെന്നും ആ തുക വൈദേകത്തില്‍ ചെലവഴിച്ചെന്നുമാണ് ശ്യാംജിത്ത് ആദ്യം ആരോപിച്ചത്. ഇതിനെതിരെ ഇ.പി. ജയരാജന്‍ രംഗത്തുവന്നതോടെ പോസ്റ്റ് പിന്‍വലിച്ചു. ഇതിനു പിന്നാലെയാണ് അദ്ദേഹം ഇന്നലെയും ആരോപണവുമായി വന്നത്.

കര്‍ത്തയുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്നും ഭാര്യ വിരമിച്ചപ്പോള്‍ ലഭിച്ച പണം മാത്രമാണ് നിക്ഷേപിച്ചതെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. റിസോര്‍ട്ടിലെ അക്കൗണ്ടന്റായിരുന്ന ശ്യാംജിത്തിന്റെ ഭാര്യ ടി.കെ. ദീപയെ പുറത്താക്കിയതാണ് പുതിയ വെളിപ്പെടുത്തലിന് കാരണം. അഞ്ചുലക്ഷം രൂപയുടെ തിരിമറി നടത്തിയതിനാണു നടപടിയെന്നാണു വൈദേകം മാനേജ്മെന്റിന്റെ വിശദീകരണം. ദീപ ഒരുസാമ്പത്തിക തട്ടിപ്പും നടത്തിയിട്ടില്ലെന്ന് ശ്യാംജിത്തും പറയുന്നു. വെളിപ്പെടുത്തൽ തുടർന്നാൽ സർക്കാർ മാറിയ സാഹചര്യത്തിൽ അന്വേഷണത്തിനും സാധ്യതകളേറെ.

Tags:    
News Summary - Fresh Controversy as Nephew Levels New Allegation Against EP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.