തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്) അന്വേഷണത്തിനെതിരെ കെ.എസ്.ഐ.ഡി.സി ഹൈകോടതിയെ സമീപിച്ചതിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് വിയോജിപ്പ്. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ 1.05 കോടി രൂപയുടെ നിക്ഷേപം മാത്രമുള്ള കെ.എസ്.ഐ.ഡി.സി അരക്കോടിയിലേറെ രൂപ ചെലവിട്ട് കോടതിയിൽ പോയത് സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുമെന്നാണ് ആക്ഷേപം. ഒരു സിറ്റിങ്ങിന് 25 ലക്ഷം രൂപ വാങ്ങുന്ന സുപ്രീംകോടതി അഭിഭാഷകൻ മുഖേനയാണ് കെ.എസ്.ഐ.ഡി.സി ഹൈകോടതിയെ സമീപിച്ചത്.
സി.എം.ആർ.എല്ലിൽ 13.4 ശതമാനം ഓഹരിയാണ് കെ.എസ്.ഐ.ഡി.സിക്കുള്ളത്. കെ.എസ്.ഐ.ഡി.സിക്ക് നിരവധി സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപമുണ്ട്. രേഖകൾ കൃത്യമാണെന്നും രണ്ടു സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടിലെ അന്വേഷണത്തിൽ ഇത്രയും തുക കോടതി ചെലവിനായി നൽകേണ്ടിയിരുന്നില്ലെന്നുമാണ് വിമർശനം. സർക്കാർ ഇടപെടലുണ്ടായതോടെയാണ് കെ.എസ്.ഐ.ഡി.സി സ്റ്റേക്കായി തിടുക്കത്തിൽ സുപ്രീംകോടതി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്.
രണ്ട് സിറ്റിങ്ങിന് 50 ലക്ഷം രൂപ അഭിഭാഷകനുവേണ്ടി ചെലവഴിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ലെന്ന് മാത്രമല്ല, ഹൈകോടതിയിൽ വിമർശനവും നേരിടേണ്ടിവന്നു. തെറ്റ് ചെയ്തില്ലെങ്കിൽ അന്വേഷണം ഭയക്കുന്നത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം.
ഇതിനിടെ, കെ.എസ്.ഐ.ഡി.സി ഓഫിസിൽ നടന്ന പരിശോധനയിൽ എസ്.എഫ്.ഐ.ഒ വിവിധ രേഖകൾ ശേഖരിച്ചു. 2012-13 സാമ്പത്തിക വര്‍ഷം മുതലുള്ള ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റിന്റെ പകര്‍പ്പുകള്‍, ബോര്‍ഡ് തീരുമാനങ്ങളുടെ പകര്‍പ്പ്, മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും ഡിജിറ്റല്‍ പകര്‍പ്പ് തുടങ്ങിയ രേഖകളാണ് ശേഖരിച്ചത്.
കെ.എസ്.ഐ.ഡി.സിക്കു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും കോടതിയെ സമീപിച്ചതോടെ, പ്രതിക്കൂട്ടിലായത് സംസ്ഥാന സർക്കാറാണ്.
കെ.എസ്.ഐ.ഡി.സിക്ക് കേരള ഹൈകോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കാത്ത സാഹചര്യത്തിലാണ് എക്സാലോജിക് എം.ഡി വീണ കർണാടക ഹൈകോടതിയെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.