കെ.എസ്.എഫ്.ഇയിലെ അഴിമതിയിൽ അന്വേഷണം വേണം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ടാണ് മുഖ്യമന്ത്രി റെയ്ഡിനെക്കുറിച്ച് ഒന്നും മിണ്ടാത്തത്. ധനകാര്യ മന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരായി നിശിത വിമര്‍ശനം നടത്തിയപ്പോള്‍ പോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. വിജിലന്‍സ് അന്വേഷണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ.എസ്.എഫ്.ഇ നല്ല നിലയില്‍ നടന്നിരുന്ന സ്ഥാപനമാണ്. ജനങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്ന സ്ഥാപനമാണ്. ഇടത് മുന്നണിയുടെ നാലര വര്‍ഷത്തെ ഭരണം കൊണ്ട് കെ.എസ്.എഫ്.ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി. ചിട്ടിയില്‍ ഗുരുതരമായ ക്രമക്കേട് നടക്കുന്നു. ഇതൊന്നും അന്വേഷിക്കേണ്ടെന്നാണോ ധനകാര്യ മന്ത്രി പറയുന്നത്. ഒരന്വേഷണവും വേണ്ട എന്ന നിലപാടാണോ സര്‍ക്കാരിനുള്ളത്.

കേരളത്തില്‍ ഒരു അഴിമതിയും കൊള്ളയും കണ്ടെത്താന്‍ പാടില്ല. തങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണ് സി.പി.എം നിലപാട്. സംസ്ഥാന സര്‍ക്കാരിന്‍റെയും മന്ത്രിസഭയുടെയുടേയും കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. കേരളത്തിലെ വിജിലന്‍സ് സി.പി.എം പറയുന്നത് കേൾക്കേണ്ടി സ്ഥിതിയിലാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ സി.പി.എമ്മിന്റെ പോഷക സംഘടനയായി പ്രവര്‍ത്തിക്കുകയാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത നിലനില്‍ക്കണമെങ്കില്‍ അന്വേഷണം വേണം. കുറ്റക്കാരെ കണ്ടെത്തണം. പ്രതിപക്ഷ എം.എൽ.എമാര്‍ക്കെതിരെ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാം. കെ.എസ്.എഫ്.ഇയിലെ അഴിമതി അന്വേഷിക്കാന്‍ പാടില്ല. ഇത് എന്ത് ന്യായമാണ്. ഇപ്പോഴാണ് വിജിലന്‍സ് യഥാര്‍ത്ഥത്തിലുള്ള കൂട്ടിലടച്ച തത്തയായി മാറിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

Tags:    
News Summary - KSFE scam needs probe: Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.