പാലക്കാട്: കുറഞ്ഞ വിലക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാര്‍ റദ്ദാക്കിയ അപ്പലേറ്റ് ട്രൈബ്യൂണൽ വിധിക്കെതിരെ കെ.എസ്.ഇ.ബിയും സർക്കാറും സുപ്രീംകോടതിയെ സമീപിച്ചു. ഹരജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി സർക്കാറിനും സംസ്ഥാന റെഗുലേറ്ററി കമീഷനും നോട്ടീസ് അയച്ചു. കേസ് ആഗസ്റ്റ് 11ന് പരിഗണിക്കും. വൈദ്യുതി പ്രതിസന്ധിക്ക് കാരണം കുറഞ്ഞ വിലക്ക് വൈദ്യുതി ലഭ്യമായിരുന്ന ദീർഘകാല കരാറുകൾ റദ്ദായതാണെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് കെ.എസ്.ഇ.ബി, കരാറുകൾ പുനഃസ്ഥാപിക്കാൻ നീക്കം സജീവമാക്കിയത്. പ്രശസ്ത അഭിഭാഷകൻ കപിൽ സിബലാണ് കേസിൽ കെ.എസ്.ഇ.ബിയെ പ്രതിനിധാനംചെയ്യുക.
യൂനിറ്റിന് 4.29 രൂപ നിരക്കില്‍ രണ്ടു ടെന്‍ഡറുകളിലായി ജാബുവ പവര്‍ (115, 100 മെഗാവാട്ട് വീതം രണ്ടു കരാറുകള്‍), ജിന്‍ഡല്‍ പവര്‍ (150 മെഗാവാട്ട്), ജിന്‍ഡല്‍ ഇന്ത്യ തെര്‍മല്‍ പവര്‍ (100 മെഗാവാട്ട്) കമ്പനികളുമായായിരുന്നു 2014ൽ കരാറുണ്ടാക്കിയത്. 2016 മുതല്‍ സംസ്ഥാനം കരാര്‍ അനുസരിച്ച് വൈദ്യുതി വാങ്ങിത്തുടങ്ങി. എന്നാല്‍, നടപടികളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി 2023 മേയ് മുതല്‍ ഇവരില്‍നിന്ന് വൈദ്യുതി വാങ്ങുന്നത് റെഗുലേറ്ററി കമീഷന് വിലക്കി.
ജനങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതോടെ പഴയ കരാര്‍ പുനഃസ്ഥാപിക്കാന്‍ 2003ലെ വൈദ്യുതി നിയമം 108ാം വകുപ്പുപ്രകാരം സര്‍ക്കാര്‍ റെഗുലേറ്ററി കമീഷന് നിർദേശം നല്കി. ഇത് പരിഗണിച്ച് റെഗുലേറ്ററി കമീഷന് കരാര്‍ പുനഃസ്ഥാപിച്ചു. കരാര്‍ പുനഃസ്ഥാപിച്ചെങ്കിലും ജിന്‍ഡാല്‍ പവര്‍ മാത്രമാണ് കരാര്‍പ്രകാരമുള്ള നിരക്കില്‍ വൈദ്യുതി നല്കാന് സമ്മതമറിയിച്ചത്. ജാബുവ പവേഴ്സും ജിന്‍ഡാല്‍ ഇന്ത്യ തെര്‍മല്‍ പവേഴ്സും റെഗുലേറ്ററി കമീഷന് ഉത്തരവ് ചോദ്യംചെയ്ത് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു.
തുടർന്നാണ് സർക്കാർ തീരുമാനപ്രകാരം റെഗുലേറ്ററി കമീഷൻ ദീർഘകാല കരാറുകള്‍ പുനഃസ്ഥാപിച്ചത് അപ്പലേറ്റ് ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഹരജിയിൽ പൊതുതാൽപര്യമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചത്. കെ.എസ്.ഇ.ബി, സംസ്ഥാന സർക്കാർ, കേരള സ്റ്റേറ്റ് റെഗുലേറ്ററി കമീഷൻ തുടങ്ങിയവരെല്ലാം കക്ഷികളാണ്. നിയമ നടപടികളിൽ ശുഭപ്രതീക്ഷയുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.