പാലക്കാട്: സിവിൽ എൻജിനീയറെ വൈദ്യുതി സുരക്ഷ ചുമതലയുള്ള ചീഫ് സേഫ്റ്റി കമീഷണറായി നിയമിച്ച ഉത്തരവ് നാലു മാസത്തിനുശേഷം കെ.എസ്.ഇ.ബി തിരുത്തി. വൈദ്യുതി സുരക്ഷ ഉൾപ്പെടെ വൈദഗ്ധ്യമേറെ ആവശ്യമുള്ള തസ്തികയിൽ സിവിൽ എൻജിനീയറെ നിയമിച്ചതിനെതിരെ പരാതികളുയർന്നിരുന്നു. തസ്തികയിൽ ഇലക്ട്രിക്കൽ ചീഫ് എൻജിനീയറെ നിയമിച്ച് കഴിഞ്ഞദിവസം ഉത്തരവിറങ്ങി. സെൻട്രൽ ഇലക്ട്രിക്കൽ അതോറിറ്റി (സി.ഇ.എ) നിർദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയർന്നെങ്കിലും മുൻ സി.എം.ഡി ബിജു പ്രഭാകർ ഉത്തരവ് പിൻവലിച്ചില്ല. പുതിയ എം.ഡിയുടെ അധ്യക്ഷതയിൽ മേയ് 28ന് ചേർന്ന ഡയറക്ടർമാരുടെ യോഗമാണ്, വൈദ്യുതി അപകടങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ചീഫ് സേഫ്റ്റി കമീഷണറായി ഇലക്ട്രിക്കൽ ചീഫ് എൻജിനീയറെ നിയമിക്കാൻ തീരുമാനമെടുത്തത്.
അഞ്ചു വർഷം പ്രവൃത്തി പരിചയമുള്ള ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിഗ്രിയുള്ള വ്യക്തിയോ തത്തുല്യ യോഗ്യതയുള്ള ആളോ ആകണം ചീഫ് സേഫ്റ്റി കമീഷണറെന്ന് സെൻട്രൽ ഇലക്ട്രിക്കൽ അതോറിറ്റി (സി.ഇ.എ) മാർഗരേഖയിൽ നിർദേശിക്കുന്നുണ്ട്. ഈ നിർദേശങ്ങൾക്ക് എതിരാണ് നിയമനമെന്ന് കാണിച്ച് എൻജിനീയേഴ്സ് അസോസിയേഷൻ മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. കൂടുതൽ വൈദ്യുതി അപകടങ്ങളും ഇലക്ട്രിക്കൽ സംബന്ധമായിരുന്നെന്ന് ഉത്തരവിൽ സമ്മതിക്കുന്നു. ഇത്തരം അവസരങ്ങളിൽ സാങ്കേതിക കാര്യങ്ങളിൽ അന്വേഷണം നടത്താനും മുൻകരുതലെടുക്കാനും സാങ്കേതിക വൈദഗ്ധ്യമുള്ളവർ ആവശ്യമാണ്. കോടതികളിൽ കെ.എസ്.ഇ.ബിയുടെ വാദം അവതരിപ്പിക്കാനും സുരക്ഷ റിപ്പോർട്ടുകൾ തയാറാക്കാനും ഇലക്ട്രിക്കൽ വൈദഗ്ധ്യവും സാങ്കേതികത്വം മനസ്സിലാകുന്നവരും വേണമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.