തിരുവനന്തപുരം: വൈദ്യുതി ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കാറ്റാടി നിലയങ്ങളിൽനിന്ന് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനൊരുങ്ങി കെ.എസ്.ഇ.ബി. ഇതിനായുള്ള താരിഫ് അധിഷ്ഠിത ബിഡിന് അനുമതിതേടി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചു. തെളിവെടുപ്പിന് ശേഷമാവും കമീഷൻ ഇതിന് അനുമതി നൽകുക.
കാറ്റാടി നിലയങ്ങൾ കൂടുതലായി സ്ഥാപിച്ചുള്ള വൈദ്യുതി ഉൽപാദനത്തിന് വരുംവർഷങ്ങളിൽ മുൻഗണന നൽകാനും കെ.എസ്.ഇ.ബി ശ്രമിക്കുന്നു. ആഭ്യന്തര ഉൽപാദനത്തിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ എൻജിനീയർമാരുടെ പുനഃസംഘടനയടക്കം വിവിധ പരിഷ്കാരങ്ങൾ അടുത്തിടെ നടപ്പാക്കിയിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ ജലവൈദ്യുതി പദ്ധതികളിൽനിന്ന് പുതുതായി 192.91 മെഗാവാട്ട് ഉൽപാദനശേഷി മാത്രം നേടാനായപ്പോൾ കാറ്റിൽനിന്നുള്ള വൈദ്യുതോൽപാദന വർധന രണ്ട് മെഗാവാട്ട് മാത്രമായിരുന്നുവെന്നാണ് കെ.എസ്.ഇ.ബി രേഖകൾ വ്യക്തമാക്കുന്നത്. കാറ്റില്‍ നിന്നും വൈദ്യുതി ഉൽപാദനത്തിന് കേരളത്തിൽ ഏറെ സാധ്യതയുണ്ടെങ്കിലും വേണ്ടവിധം പ്രയോജനപ്പെടുത്താൻ ഇനിയുമായിട്ടില്ല. അതേസമയം തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ കാറ്റാടികൾ പ്രവർത്തിപ്പിച്ചുള്ള വൈദ്യുതിക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്.
കേരളത്തില്‍ ആകെ കാറ്റാടി നിലയശേഷി 70 മെഗാവാട്ട് മാത്രമാണ്. 2030ഓടെ എല്ലാ സ്രോതസ്സുകളിൽനിന്നുമായി 10000 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്ത് ഉറപ്പാക്കണമെന്ന ലക്ഷ്യം കൈവരിക്കാൻ കാറ്റാടിനിലയശേഷി കൂട്ടണമെന്ന നിലപാടാണ് ഊർജവകുപ്പിനുമുള്ളത്. 3000 മെഗാവാട്ട് സൗരോര്‍ജ നിലയങ്ങളില്‍ നിന്നും 700 മെഗാവാട്ട് കാറ്റാടിപ്പാടങ്ങളില്‍ നിന്നും 2325 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളില്‍ നിന്നും 3100 മെഗാവാട്ട് കല്‍ക്കരി നിലയങ്ങളില്‍ നിന്നും കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.