തൊടുപുഴ: പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് കെ.എസ്.ഇ.ബിക്ക് നല്‍കിയ ഭൂമിയില്‍ 27 ഏക്കര്‍ നിര്‍മാണ കമ്പനികളും റിസോര്‍ട്ട് ഉടമകളും നിയമവിരുദ്ധ പട്ടയങ്ങളുടെ മറവില്‍ കൈയേറിയെന്ന് ദേവികുളം സബ് കലക്ടറുടെ റിപ്പോര്‍ട്ട്. കണ്ണന്‍ദേവന്‍ ഹില്‍സ്, പള്ളിവാസല്‍ വില്ളേജുകളില്‍ കെ.എസ്.ഇ.ബിക്ക് ലഭിച്ച ഭൂമി അന്യാധീനപ്പെട്ടെന്നുകാണിച്ച് ഊര്‍ജ സെക്രട്ടറിയും ബോര്‍ഡ് അധികൃതരും നല്‍കിയ പരാതിയില്‍ ലാന്‍ഡ് റവന്യൂ കമീഷണറുടെ നിര്‍ദേശപ്രകാരം പ്രത്യേക സര്‍വേ സംഘത്തെ നിയോഗിച്ച് നടത്തിയ പരിശോധനയിലാണ് വന്‍ ഭൂമി കുംഭകോണം കണ്ടത്തെിയത്.
അനധികൃത പട്ടയങ്ങള്‍ റദ്ദാക്കണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സബ് കലക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ഇടുക്കി കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിവാസല്‍ പദ്ധതിയുടെ പൈപ്പ്ലൈന്‍, ക്വാര്‍ട്ടേഴ്സ്, പവര്‍ഹൗസ് തുടങ്ങിയവക്കായാണ് ബോര്‍ഡിന് ഭൂമി നല്‍കിയത്. 1968, 1976 വര്‍ഷങ്ങളില്‍ നടന്ന റീസര്‍വേകളില്‍ ഭൂമി കെ.എസ്.ഇ.ബിയുടേതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ സര്‍വേ നമ്പര്‍ 31ലെ 27.12 ഏക്കറും 27ലെ 247.88 ഏക്കറും വനംവകുപ്പിനും 10.98 ഏക്കര്‍ ആരോഗ്യ വകുപ്പിനും കൈമാറിയിരുന്നു. എന്നാല്‍, പരിശോധനവേളയില്‍ ഭൂമിയുടെ കൈമാറ്റമോ കൈവശാവകാശമോ സംബന്ധിച്ച ഒരു രേഖയും ഹാജരാക്കാന്‍ ബോര്‍ഡിന് കഴിഞ്ഞില്ല. പള്ളിവാസല്‍ വില്ളേജില്‍ 14.8 കി.മീ ചുറ്റളവില്‍ വിവിധ സര്‍വേ നമ്പറുകളിലായി 196.90 ഏക്കര്‍ ഭൂമി കെ.എസ്.ഇ.ബിക്കുണ്ട്. ഇതില്‍ 27.17 ഏക്കറിന് വിവിധ വ്യക്തികള്‍ക്കായി 30ഓളം പട്ടയങ്ങള്‍ നല്‍കിയതായി പ്രാഥമിക പരിശോധനയില്‍ കണ്ടത്തെി. മാനദണ്ഡങ്ങള്‍ ലംഘിച്ച് 1964ലെ ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരമാണ് ഭൂമി പതിച്ചുനല്‍കിയത്. ഇങ്ങനെ നല്‍കുന്ന ഭൂമി നിശ്ചിതാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നിരിക്കെ റിസോര്‍ട്ട് നിര്‍മാണം ഭൂമിപതിവ് ചട്ടങ്ങളുടെയും ഹൈകോടതിവിധിയുടെയും ലംഘനമാണ്.
പല പട്ടയ ഭൂമികള്‍ ഒരുമിച്ചു കൈവശപ്പെടുത്തിയപ്പോള്‍ വസ്തുക്കള്‍ക്ക് ഇടയിലുള്ള ഭൂമിയും കൈയേറി. പട്ടയങ്ങള്‍ പലതും വേണ്ടത്ര പരിശോധനയില്ലാതെ സാധൂകരിച്ച് നല്‍കുകയും ചെയ്തു. പട്ടയങ്ങളുടെ കൃത്യമായ എണ്ണവും പതിച്ചുകൊടുത്ത ഭൂമിയുടെ വിസ്തീര്‍ണവും അറിയാന്‍ വിശദ പരിശോധന ആവശ്യമാണ്. ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച് വൈദ്യുതി വകുപ്പ് അധികൃതരുടെ പക്കലുണ്ടായിരിക്കേണ്ട രേഖകള്‍ മന$പൂര്‍വം നശിപ്പിക്കപ്പെട്ടതാണോയെന്ന സംശയവും റിപ്പോര്‍ട്ട് ഉന്നയിക്കുന്നു. ജില്ലയില്‍ ആയിരക്കണക്കിന് ഭൂരഹിതര്‍ ഭൂമിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് ഭൂരഹിതര്‍ക്ക് ഫ്ളാറ്റ് നിര്‍മിച്ചുനല്‍കണമെന്നും ബാക്കി കൃഷിക്ക് വിനിയോഗിക്കണമെന്നും ഈമാസം ഒമ്പതിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.