തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തി. വേനൽച്ചൂട് കടുത്തതോടെ വൈകുന്നേരം ആറിനും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വൈദ്യുതി ഉപയോഗിക്കുന്നത് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് അഭ്യർത്ഥനയുമായി കെ.എസ്.ഇ.ബി രംഗത്തെത്തിയത്.
ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂനിറ്റിലേക്ക് പീക്ക് സമയ വൈദ്യുതി ഉപയോഗം എത്തിയിരുന്നു. വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23ന് രാത്രി 10.30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടി.
പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാനത്ത് പവർ കട്ടില്ലെന്നും ഇപ്പോഴുള്ളത് വൈദ്യുതി നിയന്ത്രണമാണെന്നും അധികൃതർ വ്യക്തമാക്കി. കണക്കുകൾ സൂചിപ്പിക്കുന്നതുപോലെ പ്രതീക്ഷകൾക്കപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്താക്കൾക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇപ്പോൾ കെ.എസ്.ഇ.ബി.
വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ ചിലയിടങ്ങളിൽ വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്. അതിനാൽ തന്നെ വൈകുന്നേരം ആറിനും 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ, എസി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാർജിങ്ങും വൈകുന്നേരം ആറ് മണിക്കുശേഷം ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളിൽ ക്രമീകരിക്കണമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.