തിരുവനന്തപുരം: ബിഹാർ വിഷയത്തിൽ വിവാദ പോസ്റ്റിട്ട് കോൺഗ്രസിനെ ദേശീയ തലത്തിൽ പ്രതിരോധത്തിലാക്കിയ സോഷ്യൽ മീഡിയ സെല്ലിന് നിയന്ത്രണങ്ങളേർപ്പെടുത്തി കെ.പി.സി.സി. കഴിഞ്ഞ ദിവസം ചേർന്ന ഓൺലൈൻ നേതൃയോഗത്തിലാണ് തീരുമാനം.
ദേശീയ വിഷയങ്ങളിൽ സംസ്ഥാന സെൽ സ്വന്തം നിലയിൽ പോസ്റ്റുകൾ തയാറാക്കേണ്ട. എ.ഐ.സി.സി സമൂഹ മാധ്യമ വിഭാഗം നൽകുന്ന പോസ്റ്റുകൾ ഷെയർ ചെയ്താൽ മതി. സംസ്ഥാന വിഷയങ്ങളിൽ പോസ്റ്റുകൾ തയാറാക്കി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുടെ അനുമതി തേടണം.
പാർട്ടി അനുഭാവികളായ ഒരു വിഭാഗം പ്രഫഷനലുകളാണ് നിലവിൽ സോഷ്യൽ മീഡിയ സെൽ കൈകാര്യം ചെയ്യുന്നത്. ഇത് പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരണം. ഇതിനായി സെൽ പുനഃസംഘടിപ്പിക്കും. സെല്ലിന്റെ ചുമതലക്കാരനായ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ചുമതല ഒഴിയാൻ താൽപര്യമറിയിച്ചിട്ടുണ്ടെങ്കിലും പകരക്കാരനെത്തുന്നത് വരെ അദ്ദേഹം തുടരും.
കോൺഗ്രസിന്റെ പേരിലുള്ള അനൗദ്യോഗിക ഗ്രൂപ്പുകളെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി നിലപാടിന് വിരുദ്ധമായ നീക്കങ്ങൾ കോൺഗ്രസിന്റെ പേരിൽ പ്രചരിക്കുന്നത് ചെറുക്കാനാണ് തീരുമാനം. പാർട്ടിക്കെതിരെ വ്യക്തി താൽപര്യം മുൻനിർത്തിയുള്ള സൈബർ നീക്കങ്ങളും നിയന്ത്രിക്കും. കോൺഗ്രസിന്റെ പേരിലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പാർട്ടി നേതാക്കൾക്ക് എതിരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ തടയാൻ ഇടപെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.