തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് മുമ്പേ കെ.പി.സി.സി അധ്യക്ഷ മാറ്റ ചർച്ചകളിലേക്ക് വീണ്ടും കോൺഗ്രസ്. രണ്ടു മാസം മുമ്പ് തലപ്പത്തെ അഴിച്ചുപണിക്ക് നീക്കം തുടങ്ങിയെങ്കിലും പ്രസിഡന്റ് കെ. സുധാകരന്റെ വിയോജിപ്പിനെ തുടർന്ന് നിർത്തിവെച്ച ചർച്ചകളാണ് കൃത്യമായ പേരും സമവാക്യങ്ങളുമടക്കം നിർണയിച്ച് പുനരാംരംഭിച്ചത്.
സണ്ണി ജോസഫ് എം.എൽ.എ, ആന്റോ ആന്റണി എം.പി എന്നീ പേരുകളാണ് ഇപ്പോൾ മുന്നിൽ. കെ. സുധാകരനെ ഡൽഹിയിലേക്ക് വിളിച്ച ഹൈകമാൻഡ് കാര്യങ്ങൾ ബോധ്യപ്പെടുത്തി എന്നാണ് വിവരം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക യു.ഡി.എഫ് യോഗം ചേരുമ്പോഴാണ് സുധാകരൻ അതിൽ പങ്കെടുക്കാതെ ഡൽഹിയിലേക്ക് പോയത്.
നേതൃമാറ്റമല്ലാതെ അത്ര സുപ്രധാനമായ വിഷയങ്ങളൊന്നും നിലവിൽ സംസ്ഥാന കോൺഗ്രസിന് മുന്നിലില്ല. എന്നാൽ, നേതൃമാറ്റ സൂചനകൾ നിഷേധിക്കുന്ന രീതിയിലായിരുന്നു സുധാകരന്റെ പ്രതികരണം. ‘അധ്യക്ഷ സ്ഥാനം മാറേണ്ടതുണ്ടെന്ന് തോന്നില്ല. പക്ഷേ ഹൈക്കമാൻഡിന് തോന്നുന്നെങ്കിൽ തീരുമാനിച്ചാൽ അംഗീകരിക്കും. ഹൈക്കമാൻഡ് എന്തു തീരുമാനമെടുക്കുന്നുമോ അത് ശിരസാ അംഗീകരിക്കും. താനല്ല, അവരാണ് മാറ്റേണ്ടത്. ഹൈകമാൻഡ് തീരുമാനം തന്റെ അന്തിമ തീരുമാനം കൂടിയായിരിക്കുമെന്നും സുധാകരൻ വിശദീകരിക്കുന്നു.
രണ്ടുമാസം മുമ്പ് നേതൃമാറ്റ ചർച്ചകളോട് വളരെ രൂക്ഷമായി പ്രതികരിച്ച സുധാകരൻ ‘തനിക്ക് താൽപര്യമില്ലെങ്കിലും നേതൃത്വം പറഞ്ഞാൽ അനുസരിക്കുമെന്നതിലേക്ക് നിലപാട് മയപ്പെടുത്തിയതും നേതൃമാറ്റത്തിൽ ഏറെക്കുറെ ധാരണയായി എന്നതിന്റെ കൃത്യമായ സൂചനകളാണ്. ഡൽഹി കൂടിക്കാഴ്ചയിൽ നിയമസഭ തെരഞ്ഞെടുപ്പ് വരെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഹൈകമാൻഡ് തീരുമാനമുണ്ടാകും. എ.ഐ.സി.സി നേതൃപദവിയിലേക്ക് കെ. സുധാകരനെ ഉയർത്തിയ ശേഷമാകും അധ്യക്ഷസ്ഥാനത്ത് നിന്നുള്ള മാറ്റം. മുതിർന്ന നേതാവെന്ന പരിഗണനയിൽ പ്രവർത്തകസമിതിയിൽ പ്രത്യേക ക്ഷണിതാവാക്കുമെന്നാണ് സൂചന. അഹമ്മദാബാദ് സമ്മേളന തീരുമാനങ്ങളുടെ ഭാഗമായ പുനഃസംഘടന കേരളത്തിലും ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.