പുതിയ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ കെ. സു​ധാകരന്റെ കൈ ചുംബിക്കുന്നു

‘ചേർന്ന് നിന്നാൽ മതിയോ? ഉമ്മ വെക്കണോ?’: സണ്ണി ജോസഫ്, സുധാകരന്റെ വലംകൈ, വിശ്വസ്തൻ

കണ്ണൂർ: പുതിയ കെ.പി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കണ്ണൂർ ഡി.സി.സി ഓഫിസിൽ  നിലവിലെ പ്രസിഡന്റ് കെ. സുധാകരനും പുതിയ പ്രസിഡന്റ് സണ്ണി ജോസഫും കണ്ടുമുട്ടി. ഫോട്ടോ എടുക്കാൻ ഇരുവരോടും ചേർന്ന് നിൽക്കൂ എന്ന് ആവശ്യ​​പ്പെട്ടപ്പോൾ ‘ചേർന്നു നിന്നാൽ മതിയോ? ഉമ്മ വെക്കണോ’ എന്നായിരുന്നു സുധാകരന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.  പിന്നാലെ ചേർത്ത് പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്തു. അതിനുമുമ്പായി സണ്ണി ജോസഫിനെ സുധാകരൻ ഷാൾ അണിയിച്ചു.  തിരികെ, കൈയിൽ ചുംബിച്ച് സണ്ണി നന്ദി അറിയിച്ചു.   

സണ്ണി ജോസഫും കെ. സുധാകരനും തമ്മിലെ കെമിസ്ട്രി

കോൺഗ്രസ് പ്രവർത്തകർ ഫോട്ടോ കണ്ടാൽ തിരിച്ചറിയുന്ന ഒരാൾ ആയിരിക്കണം കെ.പി.സി.സി പ്രസിഡന്റ് എന്ന കെ. മുരളീധരന്റെ പരിഹാസത്തിൽ വല്ല കാര്യവുമുണ്ടോ?. സണ്ണി ജോസഫ് എന്ന നിയുക്ത കെ.പി.സി.സി പ്രസിഡന്റിനെ എ​ത്രയാൾ തിരിച്ചറിയും?... മുരളീധരൻ പറഞ്ഞത് എന്താണെങ്കിലും കണ്ണൂരിനു പുറത്ത് അത്ര പരിചിതനല്ലാത്ത ആൾ തന്നെയാണ് സണ്ണി ജോസഫ് എന്ന് സമ്മതിക്കേണ്ടി വരും. പിന്നെ എങ്ങനെ കെ.പി.സി.സി തലപ്പത്തേക്ക് വന്നുവെന്ന് ചോദിച്ചാൽ കെ.സുധാകരന്റെ വിശ്വസ്തൻ, വലംകൈ എന്നതാണ് ഉത്തരമെന്ന് ഉറപ്പിച്ചു പറയാം. പുതിയ പ്രസിഡന്റ് ക്രിസ്ത്യൻ സഭയിൽനിന്നാവണമെന്ന നിർബന്ധം നടപ്പാക്കുകയാണെങ്കിൽ അത് സണ്ണി ജോസഫ് ആയിരിക്കണമെന്ന കെ. സുധാകരന്റെ തന്ത്രമാണ് വിജയം കണ്ടത്. അതാണ് സണ്ണി ജോസഫും കെ. സുധാകരനും തമ്മിലെ കെമിസ്ട്രിയും.

2001ൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരൻ മാറുമ്പോൾ പകരക്കാരനാര് എന്ന കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സണ്ണി ജോസഫിനെ ഡി.സി.സി പ്രസിഡന്റ് കസേരയിൽ ഇരുത്തിയാണ് കെ. സുധാകരൻ മത്സരിച്ചതും ആന്റണി മന്ത്രിസഭയിൽ അംഗമായതും. ഇപ്പോൾ കെ.പി.സി.സി തലപ്പത്തു നിന്ന് കെ. സുധാകരൻ മാറുമ്പോൾ അതേ സണ്ണി ജോസഫ് വീണ്ടുമെത്തുന്നു. കൃത്യമായ ആസൂത്രണം ഇക്കാര്യത്തിൽ സുധാകരൻ പയറ്റിയെന്ന് വ്യക്തം. പോകുമ്പോൾ വിശ്വസ്തനെ കസേരയേൽപ്പിച്ചാണ് സുധാകരന്റെ പടിയിറക്കം. സുധാകരനു പുറമെ വി.ഡി. സതീശനെയും പുകഴ്ത്തി സംസാരിക്കുന്നയാളാണ് സണ്ണി ജോസഫ്. ഇതെല്ലാം പുതിയ പദവിയിലേക്ക് കാര്യങ്ങൾ എളുപ്പമാക്കി.

പേരാവൂരിൽനിന്ന് ഹാട്രിക് വിജയം

ജില്ലയിലെ കോൺഗ്രസിലെ മികച്ച സംഘാടകരിൽ ഒരാളാണ് സണ്ണി ജോസഫ്. പേരാവൂർ മണ്ഡലത്തിൽ 2011 മുതൽ തുടർച്ചയായ മൂന്നാം തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ഗ്രൂപ്പുകൾക്കതീതമായി എന്നും കെ.സുധാകരനൊപ്പം നിലകൊണ്ടതാണ് സണ്ണി ജോസഫിന്റെ ചരിത്രം. കണ്ണൂർ ഡി.സി.സി പ്രസിഡന്റ്, കണ്ണൂർ ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്നീ സ്ഥാനത്ത് മികവാർന്ന പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. കെ.പി.സി.സി അംഗം, നിർവാഹക സമിതിയംഗം, എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം നിലവിൽ കെ.പി.സി.സിയുടെ രാഷ്ട്രീയ കാര്യ സമിതി അംഗവും നിയമസഭ പബ്ലിക് അക്കൗണ്ട് കമ്മിറ്റി അധ്യക്ഷനും കൂടിയാണ്.

കണ്ണൂർ ജില്ലയിലെ ഉളിക്കൽ പഞ്ചായത്തിലെ പുറവയലിൽ വടക്കേക്കുന്നേൽ ജോസഫ്, റോസക്കുട്ടി ദമ്പതികളുടെ മൂത്തമകനായി 1952 ആഗസ്റ്റ്18 ന് തൊടുപുഴയിലാണ് ജനനം. ഉളിക്കൽ, എടൂർ, കിളിയന്തറ സ്‌കൂളുകളിൽ പഠിച്ചു. തൊടുപുഴ ന്യൂമാൻ കോളജിലെ ബിരുദ പഠനത്തിനുശേഷം കോഴിക്കോട് ഗവ. ലോകോളജിൽനിന്ന് നിയമ ബിരുദം നേടി. ഉളിക്കൽ പുറവയലിലാണ് താമസം.

വിദ്യാഭ്യാസ കാലഘട്ടം മുതലേ സജീവ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി. കേരള സർവകലാശാല സെനറ്റംഗം, കാലിക്കറ്റ് സിൻഡിക്കേറ്റിൽ വിദ്യാർഥി പ്രതിനിധി, യു.ഡി.എഫ് കണ്ണൂർ ജില്ല ചെയർമാൻ, കണ്ണൂർ ജില്ല പഞ്ചായത്തംഗം, ഉളിക്കൽ സർവിസ് സഹകരണ ബാങ്ക്, തലശ്ശേരി താലൂക്ക് കാർഷിക വികസന ബാങ്ക് എന്നിവയുടെ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. മട്ടന്നൂർ, തലശ്ശേരി, കണ്ണൂർ കോടതികളിൽ അഭിഭാഷകനായിരുന്നു. മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റുമായിട്ടുണ്ട്.

എൽസി ജോസഫാണ് ഭാര്യ. ആഷ റോസ്, ഡോ. അൻജു റോസ് എന്നിവർ മക്കൾ. പ്രകാശ് മാത്യു, ഡോ. സാൻസ് ബൗസിലി എന്നിവർ മരുമക്കളുമാണ്.

Tags:    
News Summary - kpcc president sunny joseph and ex president k sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.