‘മോദിക്കായി വാഴ്ത്തുപാട്ട്, തരൂരിന്റേത് തരംമാറ്റവും അവസരവാദവും’; വിമർശനവുമായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം

തിരുവനന്തപുരം: നെഹ്റു കുടുംബത്തിനെതിരെ ലേഖനം എഴുതിയ ശശി തരൂരിനെ വിമർശിച്ച് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ജോൺസൺ എബ്രഹാം രംഗത്ത്. മോദിക്കായി തരൂർ നടത്തുന്നത് വാഴ്ത്തുപാട്ടാണെന്നും, തരൂരിന്റേത് തരംമാറ്റവും അവസരവാദവുമാണെന്നും കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയിലെത്തിയ തരൂരിന്‍റെയും സംഘത്തിന്‍റെയും നയതന്ത്ര നീക്കങ്ങൾ തകർന്നെന്നും ജോൺസൺ എബ്രഹാം പറയുന്നു.

“അഞ്ച് രാജ്യങ്ങളിലേക്കുള്ള ഡെലഗേഷന്‍റെ തലവനായിരുന്നു തരൂർ. ഇന്ത്യ-പാകിസ്താൻ സംഘർഷം താനാണ് തീർത്തതെന്ന് അവകാശപ്പെട്ട ട്രംപിനു മുന്നിൽ തരൂരിന്‍റെ നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടു. ഇന്ദിര ഗാന്ധി ഒരിക്കൽ പോലും രാജ്യത്തിന്‍റെ വിദേശനയത്തിൽ വെള്ളം ചേർത്തിട്ടില്ല. ശക്തവും ധീരവുമായ നടപടികളാണ് അവർ സ്വീകരിച്ചത്. മോദി ഭരണത്തിൽ ഇന്ത്യയുടെ വിദേശനയത്തെ പുകഴ്ത്തിക്കൊണ്ടുള്ള തരൂരിന്‍റെ വാഴ്ത്തുപാട്ട്, അദ്ദേഹത്തിന്‍റെ തരംമാറ്റവും അവസരവാദവും പ്രകടിപ്പിക്കുന്നതാണ്” -എന്നിങ്ങനെയാണ് ലേഖനത്തിൽ തരൂരിനെ വിമർശിക്കുന്നത്.

അതേസമയം അടുത്തിടെ തരൂര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെല്ലാം തള്ളിയത് പോലെ ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ ലേഖനത്തിലൂടെ ഉയര്‍ത്തിയ ആക്ഷേപവും തള്ളാനാണ് ഹൈകമാൻഡിന്‍റെ തീരുമാനം. നടപടി വേണമെന്ന ആവശ്യം ദേശീയ തലത്തിലും കേരളത്തിലും ശക്തമാണ്. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് തരൂരിനോട് വിശദീകരണം തേടണമെന്നും, പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി തരൂരിന്‍റെ നടപടിയെ ചോദ്യം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിരുന്നു. പ്രവര്‍ത്തക സമിതി അംഗമായ തരൂരിന്‍റെ കാര്യത്തില്‍ ഹൈകമാൻഡ് തീരുമാനമെടുക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.

അടിയന്തരാവസ്ഥ ലേഖനത്തിന് പിന്നാലെ മോദി സര്‍ക്കാരിനുള്ള പ്രശംസ തരൂര്‍ തുടരുകയാണ്. ശക്തമായ ദേശീയതയാണ് ബി.ജെ.പി ഭരണത്തില്‍ പ്രതിഫലിക്കുന്നത്. കേന്ദ്രീകൃത ഭരണത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നു. കഴിഞ്ഞ 78 വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങള്‍ വിദേശ നയത്തിലും രാഷ്ട്രയീയത്തിലും ദൃശ്യമാണെന്നും ലണ്ടനില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ തരൂര്‍ പറഞ്ഞു.

Tags:    
News Summary - KPCC Political Affairs Committee member criticizes Shashi Tharoor for Praising PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.