തൃശൂർ: മണലൂർ മണ്ഡലത്തിൽ പേയ്മെൻറ് സീറ്റാണെന്ന് ആരോപിച്ച് കെ.പി.സി.സി. അംഗവും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ സി.ഐ സെബാസ്റ്റ്യൻ പാർട്ടി വിട്ടു. ഒരു ജനപ്രതിനിധിയടക്കം ജില്ല കോൺഗ്രസ് കമ്മിറ്റിയിലെ നേതാക്കളാണ് സ്ഥാനാർഥി നിർണയത്തിൽ പണം കൈപ്പറ്റിയതെന്ന് സി.ഐ സെബാസ്റ്റ്യൻ തൃശൂരിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ജില്ലയിൽ എ ഗ്രൂപ്പിനായി നിശ്ചയിക്കപ്പെട്ട മണലൂർ മണ്ഡലത്തിൽ 1996 മുതൽ പരിഗണിക്കുന്ന വ്യക്തിയാണ് 40 വർഷമായി കോൺഗ്രസിെൻറ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന താനെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. തുടർന്ന് 2001, 2006, 2011, 2016 തെരഞ്ഞെടുപ്പുകളിൽ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ പ്രതിഷേധിച്ചില്ല. എന്നാൽ ഇത്തവണ എ ഗ്രൂപ്പുമായി പുലബന്ധം പോലുമില്ലാത്ത, അത്രയധികം പ്രവർത്തന പാരമ്പര്യമില്ലാത്ത മണ്ഡലത്തിന് പുറത്തുള്ള ഒരാളെ പരിഗണിച്ചത് പണം വാങ്ങിത്തന്നെയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വ്യാപകമായി പണം വാങ്ങി സീറ്റ് നൽകിയിരുന്നു. ഇനി പ്രതികരിക്കാതിരിക്കാനാവില്ല.
സ്ഥാനാർഥികളെ പ്രഖ്യാപിച്ച ഞായറാഴ്ച രാവിലെ 11 മണി വരെ ഉമ്മൻചാണ്ടി ഫോണിൽ സംസാരിച്ചപ്പോൾ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതീക്ഷ തന്നിരുന്നു. ബയോഡാറ്റ പ്രത്യേകം വാങ്ങിവെക്കുകയും ചെയ്തു. എന്നാൽ പ്രഖ്യാപനശേഷം ഇതുവരെയായി ഉമ്മൻ ചാണ്ടിയോ, എ.കെ. ആൻറണിയോ ഫോൺ എടുത്തിട്ടില്ല. എനിക്ക് സീറ്റ് നിഷേധിച്ചതിന് നീതീകരണം ഇല്ല. നിശ്ചയദാർഡ്യം ഉള്ളതിനാൽ പൊട്ടിക്കരയുന്നില്ല എന്നേ ഉള്ളൂ. കരയാനോ തല മൊട്ടയടിക്കാനോ ഞാനില്ല. കെ.പി.സി.സി അംഗത്വം രാജിവെച്ച കത്ത് ഉടൻ സോണിയാ ഗാന്ധിക്ക് ഉൾപ്പെടെ കൈമാറും. എെൻറ ആശയ സംഹിതകളോട് യോജിക്കുന്ന പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.