കോഴിക്കോട് വന്‍ കവര്‍ച്ച: 208 പവനും വജ്രമോതിരവും പണവും നഷ്ടപ്പെട്ടു

കോഴിക്കോട്: നഗരമധ്യത്തില്‍ വയോധികയുടെ വീടിന്‍െറ വാതില്‍ തകര്‍ത്ത് ലക്ഷങ്ങളുടെ കവര്‍ച്ച. ആളില്ലാത്ത വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 208 പവന്‍ സ്വര്‍ണവും വജ്രമോതിരവും പണവുമാണ് കവര്‍ന്നത്. 42 ലക്ഷം രൂപ വിലവരുന്നതാണ് സ്വര്‍ണാഭരണം. കൊട്ടാരം റോഡില്‍ തഞ്ചേരിപറമ്പ് എല്‍റിക്രിയോ ഹൗസില്‍ ആമിന അബ്ദുല്‍ സമദിന്‍െറ (62) വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചയോടെ കവര്‍ച്ച നടന്നത്. സ്വര്‍ണത്തിന് പുറമെ വജ്രമോതിരവും 8000 രൂപയുമാണ് നഷ്ടപ്പെട്ടത്.  

ഇരുനില വീടിന്‍െറ താഴത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണവുമാണ് മോഷ്ടിക്കപ്പെട്ടത്. അലമാര കുത്തിപ്പൊളിച്ചിട്ടില്ല. അതിനാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന യഥാര്‍ഥ താക്കോല്‍ ഉപയോഗിച്ചാണ് അലമാര തുറന്നതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പെണ്‍മക്കളുടെ കൂടെ ബംഗളൂരുവിലും ചെന്നൈയിലുമാണ് ആമിന സാധാരണയായി താമസിക്കാറ്.

നഗരത്തിലത്തെുമ്പോള്‍ തൊട്ടടുത്ത സഹോദരിയുടെ വീട്ടിലാണ് അന്തിയുറങ്ങാറ്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ വീട് അടച്ചുപൂട്ടി ആമിന സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച രാവിലെ ആറരയോടെ തിരിച്ച് വീട്ടിലത്തെിയപ്പോഴാണ് മുന്നിലെ വാതില്‍ പൊളിച്ചത് ആമിനയുടെ ശ്രദ്ധയില്‍പെട്ടത്.
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണം മക്കള്‍ക്ക് കൈമാറാനായി വ്യാഴാഴ്ച എടുത്ത് വീട്ടില്‍ സൂക്ഷിച്ചതാണെന്ന് ആമിന പറയുന്നു. ഭവനഭേദനത്തിനും മോഷണത്തിനും ഉള്‍പ്പെടെ ഐ.പി.സി 457, 380, 461വകുപ്പുകള്‍ പ്രകാരം നടക്കാവ് പൊലീസ് കേസെടുത്തു.

വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ വീടും പരിസരവും പരിശോധിച്ചു. സിറ്റി പൊലീസ് മേധാവി ഉമ ബഹ്റ, നോര്‍ത്  അസി. കമീഷണര്‍ ഇ.പി. പൃഥ്വിരാജ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും നടക്കാവ് എസ്.ഐ ജി. ഗോപകുമാര്‍ പറഞ്ഞു.

Tags:    
News Summary - kozhikode theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.