റിപ്പോര്‍ട്ടുകള്‍ വെളിച്ചം തേടുന്നു; മിഠായിതെരുവിലെ തീ അണയുന്നില്ല

കോഴിക്കോട്: മിഠായിതെരുവില്‍ ഓരോ തവണയും നാടിനെ നടുക്കുന്ന അഗ്നിബാധ ഉണ്ടാകുമ്പോഴും ജില്ല അഗ്നിശമനസേന വിഭാഗം സുരക്ഷാപദ്ധതികള്‍ തയാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട്. എന്നാല്‍, ഇവയൊന്നും വെളിച്ചംകാണുകയോ നടപ്പാക്കുകയോ ചെയ്യാതെ ഫയലുകളില്‍ ഉറങ്ങുകയാണ്. ബുധനാഴ്ചയുണ്ടായ അഗ്നിബാധക്കൊടുവിലും മിഠായിതെരുവിലെ തീപിടിത്തത്തിന് ശാശ്വതപരിഹാരം കാണുന്നതിനാായി അഗ്നിശമനസേന വിഭാഗത്തോട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് ജില്ല ഭരണകൂടം.

തീപിടിത്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കുന്ന അവസ്ഥയാണ് മിഠായിതെരുവിലുള്ളതെന്നാണ് ഫയര്‍ഫോഴ്സ് നേരത്തേ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ കാതല്‍. ഈ നിര്‍ദേശത്തിന് മാറ്റമൊന്നുമില്ലാത്തതിനാല്‍ വീണ്ടും അതേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സാധ്യത. ഫയര്‍ഫോഴ്സ് മേധാവിക്കും ജില്ല കലക്ടര്‍ക്കും 2015 മേയിലാണ് ഡിവിഷനല്‍ ഫയര്‍ഫോഴ്സ് ഓഫിസര്‍ അരുണ്‍ ഭാസ്കര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തീപിടിച്ചാല്‍ ഫയര്‍ഫോഴ്സിന്‍െറ വാഹനങ്ങള്‍ക്ക് എത്തിപ്പെടാനുള്ള സൗകര്യങ്ങള്‍ പരിമിതമാണെന്നായിരുന്നു ഇതിലെ  പ്രധാന നിരീക്ഷണം. തീപടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിവരമറിഞ്ഞാലും രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇതു കാരണമായിരുന്നു. ഇടവഴികളിലൂടെയാണ് പല കടകളിലേക്കും എത്താനാവുകയെന്നായിരുന്നു റിപ്പോര്‍ട്ടിലുള്ളത്. അതിനുശേഷവും നിരവധി തീപിടിത്തങ്ങള്‍ നടന്നിട്ടും മിഠായിതെരുവില്‍ സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ തയാറായില്ല.

ഇതുവരെ നടപ്പാക്കാത്ത റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: രക്ഷാപ്രവര്‍ത്തനത്തിന് പല കടകളിലേക്കും കടന്നു ചെല്ലാനും ബുദ്ധിമുട്ടേറെയാണ്. ഇരുനിലകളിലുള്ള കടകള്‍ക്ക് പുറത്തുനിന്ന് മുകള്‍ഭാഗത്തേക്ക് കയറുന്നതിനുള്ള സൗകര്യം വേണം. പുറത്തുനിന്ന് മുകളിലേക്ക് കയറാന്‍ ഓരോ കെട്ടിടത്തിലും കോണിപ്പടി നിര്‍മിക്കണം. കടകളില്‍ പരിധിയില്‍ കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതും അപകടകാരണമാകുന്നുണ്ട്. തുണിത്തരങ്ങള്‍, പ്ളാസ്റ്റിക് വസ്തുക്കള്‍ എന്നിവ ഓരോ കടയിലും പരിധിയില്‍ കൂടുതലാണ് സൂക്ഷിക്കുന്നത്. തീപ്പൊരി വീണാല്‍പോലും വന്‍ അപകടത്തിന് കാരണമാകുന്നത് ഈ വന്‍ ശേഖരം മൂലമാണ്.

 ഷോപ്പുകളില്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ക്ക് നിശ്ചിത പരിധി നിശ്ചയിച്ചാല്‍ നഷ്ടങ്ങളുടെ വ്യാപ്തി കുറക്കാം. ഉള്‍വാതിലുകള്‍ തുറക്കാന്‍പോലും കഴിയാത്തവിധമാണ് കടകളിലും സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഫയര്‍ഫോഴ്സിന്‍െറ എന്‍ജിനില്‍ വെള്ളം നിറക്കാന്‍ സ്ഥാപിച്ചിരിക്കുന്ന ഹൈഡ്രന്‍റുകളില്‍ വെള്ളമത്തെിക്കാനുള്ള സൗകര്യം ഒരുക്കണം. ഓരോ കടയിലും അഗ്നിശമന ഉപകരണങ്ങള്‍ സൂക്ഷിക്കണമെന്ന ഫയര്‍ഫോഴ്സിന്‍െറ ആവശ്യവും നടപ്പാക്കിയിട്ടില്ല. പല കടകളിലും വയറിങ്ങുകള്‍ കാര്യക്ഷമമല്ല.

സ്വിച്ചുകള്‍ക്കും മെയിന്‍ സ്വിച്ച്ബോര്‍ഡിനും അരികില്‍വരെ സാധനങ്ങള്‍ കുത്തിനിറച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് തുടരുന്നു. ഈ നിര്‍ദേശങ്ങളൊന്നും നടപ്പാക്കാത്തതിനാലാണ് ബുധനാഴ്ചയുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നത്. മൂന്നുനിലയില്‍ ഇടുങ്ങിയ മുറികളും തിങ്ങിനിറഞ്ഞ സ്റ്റോക്കും മുകളിലേക്ക് കയറാന്‍ ആവശ്യമായ കോണിപ്പടികളില്ലാത്തതുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.

Tags:    
News Summary - kozhikode sm street fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.