കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കാൽമാറി ശസ്തക്രിയ നടത്തിയതായി പരാതി. കോഴിക്കോട് മാവൂർ റോഡിലെ നാഷനൽ ആശുപത്രിയിൽ ചികിത്സതേടിയ കക്കോടി മക്കട ‘നക്ഷത്ര’യിൽ സജിന സുകുമാരനാണ് (60) ഇടതുകാലിന്റെ ഞരമ്പിനേറ്റ ക്ഷതം പരിഹരിക്കാൻ വലതുകാലിന് ശസ്ത്രക്രിയ നടത്തിയെന്ന പരാതി ഉന്നയിച്ചത്.
ഇടതുകാലിന്റെ ഉപ്പൂറ്റി വാതിലിനിടയിൽ കുടുങ്ങി പരിക്കേറ്റതിനെ തുടർന്നാണ് ശസ്ത്രക്രിയ വേണ്ടിവന്നതെന്ന് സജിന സുകുമാരൻ പറഞ്ഞു.
ഒരുവർഷം മുമ്പായിരുന്നു പരിക്കേറ്റത്. മാസങ്ങളായി മരുന്ന് കഴിച്ചിട്ടും വേദന മാറാത്തതിനെ തുടർന്നാണ് സർജനെ കാണിച്ചത്. ഓർത്തോസർജൻ ഡോ. ബഹിർഷാന്റെ സ്വകാര്യ ക്ലിനിക്കിൽ ആദ്യം കാണിച്ചു. നാഷനൽ ആശുപത്രിയിൽ അദ്ദേഹം ചികിത്സിക്കുന്നുണ്ട്. ശസ്ത്രക്രിയക്കായി ഫെബ്രുവരി 20നാണ് ഇവിടെ പ്രവേശിപ്പിച്ചത്. 21ന് ശസ്ത്രക്രിയ കഴിഞ്ഞു ബോധം വന്നപ്പോഴാണ് തനിക്ക് വേദനയുള്ള കാലിനല്ല ശസ്ത്രക്രിയ നടത്തിയതെന്ന് മനസ്സിലായതെന്ന് സജിന സുകുമാരൻ പറഞ്ഞു. എന്തു ശസ്ത്രക്രിയയാണ് വലതുകാലിൽ ചെയ്തതെന്നറിയില്ല. വലതുകാലിന് ഒരു പ്രശ്നവുമില്ലായിരുന്നു. ഇനി നടക്കാൻ പറ്റുമോ എന്ന ആശങ്കയിലാണിവർ.
അതേസമയം, രോഗിക്ക് വലതുകാലിലും പ്രശ്നമുള്ളതിനാലാണ് ആദ്യം ആ കാലിൽ ശസ്ത്രക്രിയ ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് രോഗിയോടും ഭർത്താവിനോടും ശസ്ത്രക്രിയക്ക് മുമ്പ് പറഞ്ഞിരുന്നുവെന്നും ഡോ. ബെഹിർഷാൻ വ്യക്തമാക്കി.
എന്നാൽ, ഡോക്ടർ തങ്ങളോട് വീഴ്ച സമ്മതിച്ചതായും വലതുകാലിന്റെ സ്കാനിങ് പോലും എടുത്തിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. പൊലീസിലും ഡി.എം.ഒക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയതായി ബന്ധുക്കൾ പറഞ്ഞു.
കോഴിക്കോട്: സജിന സുകുമാരന് രണ്ട് കാലിനും ഉപ്പൂറ്റി വേദനക്കാണ് ചികിത്സ നടന്നതെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. കെ.എം. ആഷിഖ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
നാളുകളായി ഡോ. ബെഹിർഷാന്റെ ചികിത്സയിലാണിവർ. വലതുകാൽ പരിശോധിച്ചപ്പോൾ പരിക്കുള്ളതായി രോഗിയെയും ഭർത്താവിനെയും അറിയിച്ചിരുന്നു. രണ്ട് കാലിന്റെയും പരിക്ക് ചികിത്സിക്കാൻ ഡോക്ടറെ ഇവർ ചുമതലപ്പെടുത്തിയിരുന്നതായും ഡോ. കെ.എം. ആഷിഖ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.