തിരുവനന്തപുരം: കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ സൂപ്രണ്ടിന് സസ്പെൻഷൻ. സുപ്രണ്ട് ഡോ. കെ.സി. രമേശനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യം പരിശോധിച്ചാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
കുളിമുറി ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു. റിമാന്‍ഡ് പ്രതിയും കല്‍പകഞ്ചേരി സ്വദേശിയുമായ കൊടക്കാട് മുഹമ്മദ് ഇര്‍ഫാനാണ് (23) കോട്ടക്കൽ ആയുർവേദ കോളജിന് സമീപം തിങ്കളാഴ്ച അർധരാത്രി അപകടത്തില്‍ മരിച്ചത്.
റിമാന്‍ഡ് പ്രതിയായതിനാല്‍ വാച്ചര്‍മാര്‍ക്ക് പകരം സെല്ലിന് പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. മൂന്ന് ദിവസത്തോളമെടുത്താണ് ഭിത്തി തുരക്കല്‍ പൂര്‍ത്തിയാക്കിയതെന്നാണ് വിവരം. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇര്‍ഫാന്‍ കോഴിക്കോട് ജില്ല ജയില്‍ റിമാന്‍ഡിലായിരുന്നു. ഇവിടെനിന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പത്ത് ദിവസം മുമ്പ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.