കൊട്ടിയൂര്‍ പീഡനം: രണ്ട് രൂപതകളിലേക്ക് വിവാദം പടരുന്നു

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ മാനന്തവാടി രൂപതക്ക് കീഴിലുള്ള വൈദികരും കന്യാസ്ത്രീകളും പ്രതിചേര്‍ക്കപ്പെട്ടതോടെ നവജാത ശിശുവിനെ മാറ്റിപ്പാര്‍പ്പിച്ച വൈത്തിരിയിലെ ദത്തെടുപ്പ് കേന്ദ്രവുമായി ബന്ധപ്പെട്ട വിവാദം കോഴിക്കോട് ലത്തീന്‍ രൂപതയിലേക്കുകൂടി. കോഴിക്കോട് ലത്തീന്‍ രൂപതക്ക് കീഴിലുള്ളതാണ് വൈത്തിരി ഹോളി ഇന്‍ഫെന്‍റ് മേരിഗേള്‍ ഹോം. കോഴിക്കോട് രൂപതയില്‍ ചിലരില്‍ നിന്നുകൂടി മൊഴി രേഖപ്പെടുത്താന്‍ പൊലീസ് നടപടി ആരംഭിച്ചു.

കേസില്‍ പ്രതിയാവുമെന്ന ധാരണയില്‍ മുന്‍കൂര്‍ ജാമ്യത്തി ന് നീക്കം തുടങ്ങിയ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷനായ ഫാ. തോമസ് ജോസഫ് തേരകത്തെ മാനന്തവാടി രൂപതയുടെ വക്താവ് പദവിയില്‍നിന്ന് പുറത്താക്കിക്കൊണ്ട് രൂപത വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ഗൂഢാലോചന രൂപത നടത്തിയിട്ടില്ളെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു.   പെണ്‍കുട്ടി പ്രസവിച്ച തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രിയുമായോ  വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായോ വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രവുമായോ തങ്ങള്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ളെന്നാണ് രൂപതയുടെ  വിശദീകരണം. ഇതോടെ വൈത്തിരിയിലെ ദത്തെടുപ്പ് കേന്ദ്രത്തെക്കുറിച്ച് ഉയര്‍ന്ന ദുരൂഹതയുടെ പേരില്‍ കോഴിക്കോട് ലത്തീന്‍ രൂപതയും വിശദീകരണം നല്‍കേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.

കേന്ദ്ര മാതൃശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോര്‍സ് അതോറിറ്റി (സി.എ.ആര്‍.എ)യുടെ അനുമതിയുള്ള കേരളത്തിലെ 18 ദത്തെടുപ്പ് കേന്ദ്രങ്ങളിലൊന്നാണ് വൈത്തിരിയിലേത്. ജുഡീഷ്യല്‍ പരിരക്ഷയോടെ കുട്ടികളെ പരിപാലിക്കാന്‍ ബാധ്യസ്ഥരാണെന്ന സത്യവാങ്മൂലം നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.

എറണാകുളം ജില്ലയില്‍ നാലും ഇടുക്കി,കോട്ടയം,തൃശൂര്‍ ജില്ലകളില്‍ മൂന്ന് വീതവും മറ്റു ജില്ലകളില്‍ ഓരോന്ന് വീതവുമാണ് സി.എ.ആര്‍.എ അനുമതി നല്‍കിയ ദത്തെടുപ്പ് കേന്ദ്രങ്ങള്‍. കണ്ണൂര്‍ ജില്ലയില്‍ പട്ടുവത്ത് ദീനസേവന സഭക്ക് കീഴിലുള്ള കേന്ദ്രത്തിനാണ് അനുമതിയുള്ളത്. പക്ഷേ, ഇത് മാനന്തവാടി രൂപതക്ക് കീഴിലുള്ളതല്ല.

പട്ടുവത്തെ കേന്ദ്രം കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായിരിക്കെ വൈത്തിരിയിലേക്ക് ശിശുവിനെ മാറ്റിയത് മാനന്തവാടി രൂപതയുടെ ഒൗദ്യോഗിക വക്താവ് കൂടിയായ ഫാ. തോമസ് ജോസഫ് തേരകം അവിടെയുള്ള സി.ഡബ്ള്യു.സിയുടെ അധ്യക്ഷനായി നിലവിലുണ്ട് എന്ന സൗകര്യം ഉപയോഗപ്പെടുത്താനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോട് രൂപതയുടെ കീഴിലുള്ള ദത്തെടുപ്പ് കേന്ദ്രം ഈ ഗൂഢാലോചനയില്‍ ബലിയാടായതാണോ, അവരില്‍ ചിലര്‍ക്കും പങ്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്. മാതാവിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പുതന്നെ ശിശുവിനെ വൈത്തിരിയിലേക്ക് കൊണ്ടുപോയവര്‍ കുഞ്ഞിന്‍െറ പേരും വിലാസവും അറിഞ്ഞുകൊണ്ടുതന്നെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ അത് മറച്ചുവെച്ചു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ  ചോരക്കുഞ്ഞ് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമായിരുന്നോ ഇതെന്ന് അന്വേഷിക്കുന്നുണ്ട്്.

Tags:    
News Summary - kottiyoor rape: dispute spread to two diocese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.