കേളകം: ഉരുൾപൊട്ടലിനെ തുടർന്ന് അടഞ്ഞു കിടന്ന പാൽചുരം റോഡ് ഗതാഗതത്തിന് തുറന്നു. റോഡ് തിങ്കളാഴ്ച തുറന്നുകൊടുക്കാമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് വടകര ചുരം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചത്. എന്നാൽ കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ യോഗം നടത്തിയ ശേഷം ഞായറാഴ്ച്ച പതിനൊന്നരയോടെ പാത ഗതാഗതത്തിന് തുറന്ന് കൊടുക്കുകയായിരുന്നു. 15 ടണ്ണിൽ കുറവുള്ള ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോവാം. റോഡിെൻ്റ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർണതോതിൽ നടപ്പിലായാൽ മാത്രമേ 15 ടണ്ണിന് മുകളിൽ ഭാരമുള്ള വാഹനങ്ങൾക്ക് പോകാനാവൂ.
അമ്പായത്തോട് മുതൽ ബോയ്സ് ടൗൺ വരെയുള്ള 6.27 കിലോമീറ്റർ വരുന്ന പാൽചുരംറോഡിൽ വനമേഖലയായ മൂന്നര കിലോമീറ്ററിലേറെ റോഡ് ഉരുൾപൊട്ടലിൽ തകർന്നിരുന്നു. അഞ്ച് ഹെയർപിൻ വളവുകളും ഇവിടെയുണ്ട്. ചില ഭാഗങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോവുകയും ചിലയിടങ്ങളിൽ പാർശ്വഭിത്തി തകർന്നതും കാരണം റോഡ് അപകടാവസ്ഥയിലാവുകയും ചെയ്തതിനെ തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.
റോഡ് പൂർണമായും ഒഴുകിപ്പോയ 50 മീറ്റർ പ്രദേശത്ത് കോൺക്രീറ്റ് ചെയ്തശേഷമാണ് റോഡ് ഗതാഗത യോഗ്യമാക്കിയിരിക്കുന്നത്. മണ്ണ് മൂടിയ ഭാഗങ്ങളിലെ മണ്ണ് നീക്കിയും പാർശ്വഭിത്തി തകർന്ന പ്രദേശങ്ങളിൽ അവ പുനർനിർമിച്ചും റോഡ് ഏറെക്കുറെ ഗതാഗതയോഗ്യമാക്കി. പാർശ്വഭിത്തി വലിയ തോതിൽ തകർന്ന ചിലയിടങ്ങളിൽ ഒരു സമയത്ത് ഒരു ഭാഗത്തേക്ക് മാത്രമേ വാഹനങ്ങൾക്ക് പോകാനാവൂ. ഇതുമായി ബന്ധപ്പെട്ട കൃത്യമായ അടയാള ബോർഡുകൾ അതത് ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ പാലിച്ചുമാത്രമേ വാഹനങ്ങൾ പോകാവൂ എന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.