കോട്ടയം പാത ഇനി ഇരട്ടപ്പാത; ഇന്ന് ട്രെയിൻ ഓടും

കോട്ടയം: സംസ്ഥാനത്തിന്‍റെ റെയിൽവേ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് തീർത്ത് ഏറ്റുമാനൂർ-ചിങ്ങവനം റൂട്ടിലെ ഇരട്ടപ്പാതയിലൂടെ ഞായറാഴ്ച ട്രെയിനോടും. പതിനെട്ട് ദിവസങ്ങൾ നീണ്ട അവസാനഘട്ട ജോലികൾ പൂർത്തിയാക്കിയാണ് പുതുപാത കമീഷനിങിന് ഒരുങ്ങുന്നത്. ഞായറാഴ്ച വൈകീട്ട് ആറിന് ജോലികൾ പൂർത്തിയാക്കി രാത്രി എട്ടോടെ പുതിയതായി നിർമിച്ച ലൈനിലൂടെ ട്രെയിൻ കടത്തിവിടാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ഏറ്റുമാനൂരിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്കാകും ആദ്യട്രെയിൻ.

അവശേഷിച്ചിരുന്ന ഏറ്റുമാനൂർ-ചിങ്ങവനം (16.70 കിലോമീറ്റർ) റൂട്ടിലും പുതിയ പാത യാഥാർഥ്യമാകുന്നതോടെ, മംഗലാപുരം മുതല്‍ തിരുവനന്തപുരം(കോട്ടയം വഴി) വരെയുള്ള 632 കി. മീറ്റര്‍ പൂർണമായും ഇരട്ടപ്പാതയാകും. നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തിന്‍റെ തെക്കുമുതൽ വടക്കുവരെ ഇരട്ടപ്പാത യാഥാർഥ്യമാകുന്നത് റെയിൽവേ വികസനത്തിന് വേഗം കൂടുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ട്രെയിനുകളുടെ പ്രതീക്ഷയിലുമാണ് കേരളം.

ശനിയാഴ്ച തിരുവനന്തപുരം ഭാഗത്തേക്കുള്ള രണ്ട് മുതൽ ആറ് വരെയുള്ള ലൈനുകൾ മുട്ടമ്പലത്തുനിന്നുള്ള പ്രധാനലൈനുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് നടന്നത്. നാഗമ്പടം ഭാഗത്തുനിന്ന് കോട്ടയം യാർഡിലേക്കുള്ള ലൈനുകളുടെ കണക്ഷൻ ജോലികളും പൂർത്തിയായിട്ടുണ്ട്. കണക്ഷൻ പൂർത്തിയാക്കിയ ലൈനുകളിൽ ജെ.സി.ബി ഉപയോഗിച്ച് മെറ്റൽ നിറക്കുന്ന ജോലികളും നടന്നുവരികയാണ്.

ഞായറാഴ്ച രാവിലെ ഇരട്ടപ്പാതയുടെ അവസാന ഘട്ട ജോലിയായ പാറോലിക്കലില്‍ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികള്‍ ആരംഭിക്കും. 10 മണിക്കൂർ നീളുന്ന ഇത് പൂർത്തിയാകുന്നതോടെ ഏറ്റുമാനൂര്‍ - ചിങ്ങവനം ഇരട്ടപ്പാത ഗതാഗതത്തിന് സജ്ജമാകും. തുടർന്ന് പുതിയ പാതയിൽ ട്രെയിൻ കടത്തിവിടും. ആദ്യം ശനിയാഴ്ച തുറന്നുകൊടുക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. ഞായറാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

അടുത്തദിവസങ്ങളിലും കോട്ടയം കേന്ദ്രീകരിച്ച് നിർമാണജോലികൾ തുടരും. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്കുള്ള ലൈനുകൾ സജ്ജമാക്കുന്ന ജോലികളാകും നടക്കുക. ഇത് പൂർത്തിയാകും വരെ രണ്ടു മുതൽ അഞ്ചുവരെയുള്ള പ്ലാറ്റ്ഫോമുകളിലൂടെയാകും ട്രെയിൻ ഗതാഗതം. ജൂൺ 15ന് മുമ്പ് ഈ ജോലികൾ പൂർത്തിയാക്കി ഒന്നാം നമ്പർ പ്ലാറ്റ്ഫോം സജ്ജമാക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.

വേഗം കൂടും, സമയം കുറയും

കോട്ടയം: ഇരട്ടപ്പാത എത്തുന്നതോടെ ട്രെയിനുകൾ പിടിച്ചിടുകയെന്ന യാത്രക്കാരുടെ പേടിസ്വപ്നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഒറ്റവരി മാത്രമായതിനാൽ 20 മുതൽ 30 മിനിറ്റ് വരെയാണ് ചില ട്രെയിനുകൾ ക്രോസിങ്ങിന് ഈ മേഖലയിൽ പിടിച്ചിട്ടിരുന്നത്. തിരുവനന്തപുരത്തുനിന്നും അതിവേഗമെത്തി ചിങ്ങവനത്ത് ഏറെനേരം കാത്തുകിടക്കുന്നത്പതിവുസംഭവമായിരുന്നു. ദീർഘദൂര ട്രെയിനുകൾക്കായി പാസഞ്ചറുകളായിരുന്നു പലപ്പോഴും 'ബലിയാടുകൾ'. 20 മിനിറ്റ് വരെ ചിങ്ങവനത്ത് അടക്കം പാസഞ്ചറുകൾ പിടിച്ചിട്ടിരുന്നു. ഇത്തരം ദുരിതങ്ങൾക്ക് പുതിയ പാത അന്ത്യം കുറിക്കുമെന്നാണ് യാത്രക്കാരുടെ കണക്കുകൂട്ടൽ.

പുതിയ പാത തുറക്കുന്നതോടെ സംസ്ഥാനത്തെ റെയില്‍വേയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ടൈംടേബിളില്‍ ട്രാഫിക് അലവന്‍സ് കുറയും. ട്രെയിനുകള്‍ക്ക് സമയനിഷ്ഠ പാലിക്കാന്‍ കഴിയുമെന്നും റെയില്‍വേ അവകാശപ്പെടുന്നു. ട്രെയിനുകൾക്ക് വേഗം വര്‍ധിക്കുമെന്നും ഇവർ പറയുന്നു.

പുതിയ ട്രെയിനെന്ന ആവശ്യം ഉയരുമ്പോഴെല്ലാം ഒറ്റവരിപ്പാതയായതിനാൽ ഓടിക്കാൻ കഴിയില്ലെന്നായിരുന്നു റെയിൽവേയുടെ വിശദീകരണം. ട്രെയിനുകളുടെ വൈകിയോട്ടത്തിനും റെയിൽവേ പഴിച്ചിരുന്നത് കോട്ടയം ഭാഗത്തെ ഒറ്റവരിപ്പാതയെയായിരുന്നു. ഇതിനെല്ലാം പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ എറണാകുളത്ത് സർവിസ് അവസാനിപ്പിക്കുന്ന പല ട്രെയിനുകളും കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നീട്ടാൻ കഴിയും. ഇതിനൊപ്പം കോട്ടയത്തുനിന്ന് എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ ട്രെയിൻ ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. കോട്ടയം - തിരുവനന്തപുരം, കോട്ടയം - കോഴിക്കോട് റൂട്ടുകളില്‍ മെമു സര്‍വിസുകള്‍ ആരംഭിക്കണമെന്നും ഓഫിസ് സമയം ക്രമീകരിച്ച് കൂടുതല്‍ പാസഞ്ചര്‍ സര്‍വിസുകള്‍ വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. കോട്ടയം സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണം ഏഴാകുന്നതോടെ കൂടുതല്‍ ട്രെയിന്‍ ഇവിടെ നിർത്തിയിടാനും കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

നഷ്ടപരിഹാരം 230 കോടി

കോട്ടയം: പാതയിരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരമായി നൽകിയത് 230 കോടി. കോട്ടയം ജില്ലയിലെ ഭൂവുടമകൾക്ക് നൽകിയ തുകയാണിത്. ഇതിൽ കെട്ടിടങ്ങളുടെ അടക്കം നഷ്ടപരിഹാരവും ഉൾപ്പെടും. 43 ഹെക്ടർ സ്ഥലമാണ് കോട്ടയം ജില്ലയിലെ പാത കടന്നുപോകുന്ന വിവിധ വില്ലേജുകളിൽനിന്നായി ഏറ്റെടുത്തത്. 2009ലായിരുന്നു ഭൂമിയേറ്റെടുക്കൽ ആരംഭിച്ചത്. 2019ൽ ഇത് പൂർത്തിയായി. ഇതുകൂടാതെ, അധികമായും ഭൂമി ഏറ്റെടുത്തിരുന്നു. ഏറ്റുമാനൂരിൽ യാർഡിനടക്കം ഒറ്റപ്പെട്ട ഭൂമികൾ ഇനി ഏറ്റെടുക്കാൻ അവശേഷിക്കുന്നുണ്ട്.

Tags:    
News Summary - Kottayam road now double track; The train will run today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.