കോട്ടയം: അമ്പതിലധികം സ്ത്രീകളെ വശീകരിച്ച് കെണിയില്‍പെടുത്തി പീഡിപ്പിച്ച പ്രതി കോട്ടയം അരീപ്പറമ്പ് തോട്ടപ്പള്ളില്‍ വീട്ടില്‍ പ്രദീഷ് കുമാറിനെ (ഹരി-25) തെളിവെടുപ്പിനു തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വീട്ടമ്മയുടെ പരാതിയിൽ നിരീക്ഷണത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം പ്രദീഷ് അറസ്റ്റിലായത്.
പിടിച്ചെടുത്ത ലാപ്ടോപ്പിലും മൊബൈലിലും നിരവധി സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് സൂക്ഷിച്ചത് കണ്ടെത്തിയിട്ടുണ്ട്. ലാപ്ടോപ്പിലും ഫോണിലും കാമറയിലും ഒളിപ്പിച്ച നിലയിലുള്ളതും ഡിലീറ്റ് ചെയ്തതുമായ ചിത്രങ്ങളും വിവരങ്ങളും കണ്ടെത്തുന്നതിന് ഫോറൻസിക് പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഏറ്റുമാനൂർ സി.ഐ മഞ്ജുലാൽ പറഞ്ഞു.
നൂറോളം സ്ത്രീകൾ ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. പരാതിപ്പെടാൻ തയാറാകാത്ത നിലയിലാണ് കൂടുതൽ ആളുകളും. സംസ്ഥാനത്ത് എവിടെയൊക്കെ കുറ്റകൃത്യം ചെയ്തുവെന്നത് സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. കുറച്ചുകാലം ദുബൈയിൽ ജോലി ചെയ്ത പ്രദീഷ് നാട്ടിലെത്തി ഫയർ ആൻഡ് സേഫ്റ്റി കമ്പനിയുമായി ബന്ധപ്പെട്ട് വാഹനമോടിക്കുന്ന ജോലിയിലായിരുന്നു.
സ്ത്രീകളെ യാദൃച്ഛികമായി എന്ന പേരിൽ പരിചയപ്പെടുകയും തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കുകയും ചെയ്താണ് കെണിയിലാക്കിയിരുന്നത്. കുടുംബപ്രശ്നങ്ങള്‍ മനസ്സിലാക്കിയ ശേഷം ഭര്‍ത്താക്കന്മാര്‍ക്ക് അവിഹിതബന്ധം ഉണ്ടെന്ന് വിശ്വസിപ്പിക്കും. ഇതിനായി വ്യാജമായി സ്ത്രീകളുടെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്ത് സ്ക്രീന്‍ ഷോട്ടുകള്‍ കാണിക്കും. പിന്നീട് വിഡിയോ ചാറ്റിങ്ങിലൂടെ തന്ത്രപൂര്‍വം കരസ്ഥമാക്കുന്ന ഫോട്ടോകൾ ഫോട്ടോഷോപ്പിലൂടെ നഗ്നഫോട്ടോകളാക്കി ബ്ലാക്ക്മെയിൽ ചെയ്ത് കെണിയിലാക്കുകയാണ് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.