കോട്ടയം: അമ്മയെ കാണാനില്ലെന്ന് മകൾ ആവർത്തിച്ചതിനെത്തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയോലപ്പറമ്പ് കുന്നിൽ വിശ്രുതന്റെ ഭാര്യ ഡി. ബിന്ദു മകളുടെ ചികിത്സാർഥമാണ് ദിവസങ്ങൾക്കുമുമ്പ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്.
മകൾ നവമിയെ (20) ശസ്ത്രക്രിയക്ക് ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സക്കുശേഷമാണ് ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകൾ നവമിയുമായി ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് അവിടെ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു. എന്നാൽ, കെട്ടിടം തകരുന്ന ശബ്ദംകേട്ട് പലരും അവിടെനിന്ന് മാറി. കുളിക്കുന്നതിനിടെയായിരുന്നു അപകടം എന്നതിനാലാകാം ബിന്ദുവിന് രക്ഷപ്പെടാൻ കഴിയാതിരുന്നത്.
കുളിക്കാൻ പോയ അമ്മ തിരിച്ചെത്തിയില്ലെന്ന് മകൾ പിതാവിനെ അറിയിച്ചു. വിശ്രുതൻ ഇക്കാര്യം പലരോടും പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. പിന്നീട് സ്ഥലത്തെത്തിയ ജനപ്രതിനിധികളോട് ഉൾപ്പെടെ മകളും മറ്റുള്ളവരും ഇക്കാര്യം ആവർത്തിച്ചു.
അമ്മ അപകടത്തിൽപെട്ടത് വിശ്രുതൻ മകൻ നവനീതിനെ വിളിച്ചുപറഞ്ഞു. എറണാകുളത്തുള്ള നവനീത് കോട്ടയത്തെ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ട് വാർത്തയും നൽകി. തുടർന്നാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിശോധന നടത്തി ബിന്ദുവിനെ കണ്ടെത്തിയത്. കൃത്യസമയത്ത് കണ്ടെത്തി ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നെങ്കിൽ രക്ഷിക്കാനാകുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയായിരുന്നു ബിന്ദു. ഭർത്താവ് വിശ്രുതൻ നിർമാണത്തൊഴിലാളിയാണ്. നവമി ആന്ധ്രപ്രദേശിലെ അപ്പോളോ ആശുപത്രിയിൽ നാലാംവർഷ ബി.എസ്സി നഴ്സിങ് വിദ്യാർഥിനിയാണ്. നവനീത് എറണാകുളത്ത് സിവിൽ എൻജിനീയറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.