കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞു. ശ്വാസംമുട്ടലും അനുഭവപ്പെട്ടുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബിന്ദുവിന്റെ ശ്വാസകോശം, കരള്‍, ഹൃദയം ഉള്‍പ്പെടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിപ്പിനായി എത്തിയ ബിന്ദു മരണപ്പെട്ടത്.
മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ബിന്ദു മരിച്ച് രണ്ടാം നാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഫേസ്ബുക്കിലെ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്. ബിന്ദുവിന്‍റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകുമെന്നും അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സർക്കാർ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപകടം നടന്ന് 16 മണിക്കൂറിനു ശേഷമാണ് ആരോഗ്യമന്ത്രി വീണ ജോർജ് ദുഃഖം പ്രകടിപ്പിച്ച് പ്രതികരിച്ചത്. ആ കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖമാണെന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രിയുടെ ഫോൺ വിളിക്കുകയും ചെയ്തു. ഒരു മന്ത്രിപോലും വിളിച്ചുപോലും നോക്കിയില്ലെന്ന് ബിന്ദുവിന്റെ ഭർത്താവ് പ്രതികരിച്ചിരുന്നു.
സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ രാജിക്കായി മുറവിളി ശക്തമായിരിക്കെ, ആരോഗ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം രാഷ്ട്രീയ ദുരുദ്ദേശ്യപരമാണെന്ന് വാദിച്ച് മന്ത്രി വി.എൻ. വാസവൻ രംഗത്തെത്തി. ഒരു പ്രശ്നമുണ്ടായതിന്റെ പേരിൽ രാജിവെക്കാൻ പോയാൽ ഏതെങ്കിലും മന്ത്രിയുണ്ടാകുമോ. പുരകത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ഒരു സംഭവത്തിന്‍റെ പേരിൽ ആശുപത്രിയും സർക്കാർ സംവിധാനങ്ങളും മോശമാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പ്രതികരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ കാരണമാണ് രണ്ടേകാല്‍ മണിക്കൂറോളം മണ്ണിനടിയില്‍ കിടന്ന് ശ്വാസംമുട്ടി വീട്ടമ്മ മരിക്കാനിടയായത്. അപകട സ്ഥലത്തെത്തിയ മന്ത്രിമാര്‍ സംഭവത്തെ ലഘൂകരിക്കാനാണ് ശ്രമിച്ചത്. മന്ത്രിമാരും കോളജ് അധികാരികളും അതിന് ഉത്തരം പറയണം. ആരോഗ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ നിയമപരമായും ധാര്‍മികമായും യാതൊരു അര്‍ഹതയുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.