കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിലെ അനാസ്ഥക്കെതിരെ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ താര ടോജോ അലക്സ്. തകർന്ന കെട്ടിടത്തിനടിയിൽ രണ്ടര മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തനം നടത്തി സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു ആണ് മരിച്ചത്. ട്രോമാ കെയറിൽ ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാൻ വന്നപ്പോഴാണ് ദാരുണാപകടം. സംഭവം നടന്ന ഉടൻ സ്ഥലം സന്ദർശിച്ച ആരോഗ്യ മന്ത്രി വീണ ജോർജ് പറയുന്ന എല്ലാ വാദങ്ങളും പച്ച നുണയാണെന്ന് അവർ ആരോപിച്ചു.
‘വീണ ജോർജ് ഈ സംഭവത്തെ ഇത്രയും നിസ്സാരവൽക്കരിച്ചു രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയതിൽ അത്ര അത്ഭുതപ്പെടാനൊന്നുമില്ല. കാരണം കെട്ടിടം പൊളിഞ്ഞു വീണത് അവരുടെ ഭർത്താവിൻ്റെയോ കുട്ടികളുടെയോ തലയിൽ അല്ലല്ലോ. നാട്ടുകാരുടെ ദേഹത്തല്ലേ... ഡോക്ടർമാർക്കും നഴ്സുമാർക്കും ജീവനക്കാർക്കും ജീവന് ഭീഷണിയായി ഒരു കെട്ടിടം ഭാർഗവീനിലയം പോലെ മെഡിക്കൽ കോളേജിൽ നിലകൊണ്ടിട്ടും അത് പൊളിച്ചു മാറ്റാനോ പരിസരത്തേക്ക് സഞ്ചരിക്കുന്നതിന് തടയിടാനോ. ഒരു നടപടിയും എടുക്കാതിരുന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ ക്യാപ്സ്യൂൾ എന്തായാലും കൊള്ളാം. ലൈറ്റും ക്യാമറയും ചാനലുകാരെയൂം കൊണ്ട് മിന്നൽ പരിശോധന ഫോട്ടോഷൂട്ട് നടത്തുമ്പോൾ, മേൽപ്പറഞ്ഞതെല്ലാം കൂടി ഒന്ന് ഷൂട്ട് ചെയ്ത് ജനങ്ങളെ കാണിക്കണം മന്ത്രീ’ -താര ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിലെ അപകടത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്, ഇടിഞ്ഞു പൊളിഞ്ഞു വീണത് അടച്ചിട്ടിരുന്ന കെട്ടിടമാണെന്നും, സംഭവത്തിൽ രണ്ടുപേർക്ക് സാരമായ പരിക്ക് മാത്രമേ ഉള്ളൂ എന്നാണ്.
എന്നാൽ വീണ ജോർജ് പറയുന്ന എല്ലാ വാദങ്ങളും പച്ച നുണയാണ് എന്ന് തെളിയുകയാണ്.. മൂന്നു വാർഡുകൾ പ്രവർത്തിക്കുന്ന ഒരു കെട്ടിടമാണ് ഇതെന്നും ശുചിമുറിയിൽ കുളിച്ചു കൊണ്ടിരുന്ന തൻ്റെ അമ്മയെ കാണാനില്ല എന്ന് ഒരു കുഞ്ഞു പറഞ്ഞതിനെ തുടർന്ന് നടന്ന തിരച്ചിലിൽ, അവിടെ കുടുങ്ങിപ്പോയ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
വീണ ജോർജ് ഈ സംഭവത്തെ ഇത്രയും നിസ്സാരവൽക്കരിച്ചു രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയതിൽ അത്ര അത്ഭുതപ്പെടാനൊന്നുമില്ല. കാരണം കെട്ടിടം പൊളിഞ്ഞു വീണത് അവരുടെ ഭർത്താവിൻ്റെയോ കുട്ടികളുടെയോ തലയിൽ അല്ലല്ലോ.
നാട്ടുകാരുടെ ദേഹത്തല്ലേ...
പ്രായഭേദമന്യേ ദിനംപ്രതി ആയിരക്കണക്കിന് രോഗികൾക്കും, അവരുടെ കൂടെ വരുന്നവർക്കും, ബൈ-സ്റ്റാൻഡേഴ്‌സ്സിനും, ഡോക്ടർമാർക്കും നർസ്സുമാർക്കും അഡ്മിനിസ്ട്രേറ്റ് സ്റ്റാഫുകൾക്കും ആരോഗ്യമേഖല ജീവനക്കാർക്കും ജീവന് ഭീഷണിയായി ഒരു കെട്ടിടം ഭാർഗവീനിലയം പോലെ മെഡിക്കൽ കോളേജിൽ നിലകൊണ്ടിട്ടും,
അത് പൊളിച്ചു മാറ്റാനോ, അല്ലെങ്കിൽ പരിസരത്തേക്ക് മനുഷ്യർ സഞ്ചരിക്കുന്നതിന് തടയിടാനോ... അതിന്മേൽ ഒരു നടപടിയും എടുക്കാതിരുന്നാ ആരോഗ്യവകുപ്പ് മന്ത്രിയുടെ ക്യാപ്സ്യൂൾ എന്തായാലും കൊള്ളാം.
ഇങ്ങനെ എത്രയെത്ര പൊളിഞ്ഞു വീഴാറായ പുരാവസ്തുക്കൾ നമ്മുടെ സർക്കാർ ആശുപത്രികളിൽ മരണക്കെണികളായി നിലനിർത്തപ്പെടുന്നുണ്ട്?
കേരളത്തിന്റെ പൊതു ആരോഗ്യ സംവിധാനത്തിന്റെ മുഖം എന്നു കരുതപ്പെടുന്ന സർക്കാർ ആശുപത്രികളിൽ, വിള്ളൽ വിഴാത്ത ഒരു കെട്ടിടമെങ്കിലും ഇന്ന് കാണാൻ സാധിക്കില്ലമോ? സർക്കാർ ആശുപത്രിയിലെ ടോയ്ലറ്റുകളുടെയും
പരിസരപ്രദേശങ്ങളുടെയും നമ്പർ വൺ അവസ്ഥയെ കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ.
ലൈറ്റും ക്യാമറയും ചാനലുകാരെയൂം കൊണ്ട് മിന്നൽ പരിശോധന ഫോട്ടോഷൂട്ട് നടത്തുമ്പോൾ, മേൽപ്പറഞ്ഞതെല്ലാം കൂടി ഒന്ന് ഷൂട്ട് ചെയ്ത് ജനങ്ങളെ കാണിക്കണം മന്ത്രി.
ഒരു ജനാധിപത്യ സംവിധാനത്തിൽ, പൊതുജനങ്ങളുടെ പൈസ കൊണ്ട് നടത്തിക്കൊണ്ടു പോകുന്ന സർക്കാർ ആശുപത്രികളിൽ വരുന്ന എല്ലാ മനുഷ്യരുടെയും ജീവൻ സുരക്ഷിതമാക്കേണ്ടത് ഭരണകൂടത്തിന്‍റെ അടിസ്ഥാന ഉത്തരവാദിത്വമാണ്. .
സർക്കാർ ആശുപത്രിയിൽ മരുന്നുകൾ ഇല്ല, ഉപകരണങ്ങൾ ഇല്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല, ചികിത്സ നൽകേണ്ടവരും ഇല്ല...ആശുപത്രി കെട്ടിടങ്ങൾക്ക് സുരക്ഷയും ഇല്ല..
മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത അധികാര അഹങ്കാരത്തിന്റെ ഏറ്റവും കൃത്യമായ പ്രതിബിംബമാണ് വീണ ജോർജ് എന്ന ഈ നിർഗുണയായ മന്ത്രി.
പൊളിഞ്ഞു വീഴുന്നത് ആശുപത്രികളായിരിക്കും...
ജീവൻ പൊലിയുന്നത് സാധാരണ ജനങ്ങളുടെതായിരിക്കും...
പക്ഷേ, ഇനി അങ്ങോട്ട് പൊളിച്ചെടുക്കപ്പെടുന്നത് അതിനുത്തരവാദികളായ ഭരണാധികാരികളുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.