സ്കൂള്‍ വാന്‍ മണ്‍തിട്ടയിലിടിച്ച് രണ്ട് കുട്ടികളും ഡ്രൈവറും മരിച്ചു

കൂത്താട്ടുകുളം: സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയ മിനി വാന്‍ നിയന്ത്രണംവിട്ട് മണ്‍തിട്ടയിലിടിച്ച് രണ്ട് കുട്ടികളും ഡ്രൈവറും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. യു.കെ.ജി വിദ്യാര്‍ഥികളായ ഇലഞ്ഞി മുത്തോലപുരം പെരുമ്പിള്ളില്‍ ദിലീപിന്‍െറ മകള്‍ നയന (ആറ്), മുത്തോലപുരം വട്ടാപ്പാറയില്‍ ഷിജിയുടെ മകള്‍ ആന്‍മരിയ (ആറ്), വാന്‍ ഡ്രൈവര്‍ മുത്തോലപുരം ചക്കാലപ്പാറ തെക്കേപ്പള്ളിക്കാപ്പറമ്പില്‍ (കുടിലില്‍) ജോസ് ജേക്കബ് (സിബി -47) എന്നിവരാണ് മരിച്ചത്. നയനയുടെ സഹോദരി നന്ദന (11) അടക്കം 13 കുട്ടികള്‍ക്ക് പരിക്കേറ്റു. തലക്ക് ഗുരുതര പരിക്കേറ്റ ഇലഞ്ഞി വാഴപ്പിള്ളില്‍ എസ്ന ജോയി (11) എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. മറ്റു കുട്ടികളെ കൂത്താട്ടുകുളം ദേവമാത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്താട്ടുകുളം മേരിഗിരി സ്കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോയ വാനാണ് അപകടത്തില്‍പെട്ടത്. എം.സി റോഡില്‍ പുതുവേലി വൈക്കം കവലയില്‍ തിങ്കളാഴ്ച രാവിലെ 7.45നായിരുന്നു അപകടം.

15 കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്‍ സീറ്റിലിരുന്ന കുട്ടികളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ സീറ്റിന്‍െറ പിന്നിലെ കമ്പിയില്‍ കുട്ടികളുടെ തല ഇടിക്കുകയായിരുന്നു. ഇതാണ് മരണകാരണമെന്നാണ് നിഗമനം. വൈക്കം റോഡില്‍നിന്ന് നിയന്ത്രണംവിട്ടുവന്ന വാന്‍ എം.സി റോഡ് കുറുകെ കടന്ന് എതിര്‍വശത്തെ മണ്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. ഈ സമയം മറ്റു വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വാഹനത്തിന്‍െറ ബ്രേക്ക് തകരാറാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

ഖത്തറില്‍ ക്രെയിന്‍ ഓപറേറ്ററാണ് നയനയുടെ പിതാവ് ദിലീപ്. മാതാവ് മഞ്ജു. കൂത്താട്ടുകുളം മാരുതി സര്‍വിസ് സെന്‍റര്‍ ജീവനക്കാരന്‍ ഷിജിയാണ് ആന്‍മരിയയുടെ പിതാവ്. മാതാവ് സിമിലി സൗദി ജിദ്ദയില്‍ നഴ്സാണ്. സഹോദരന്‍: ജിബിന്‍. ഡ്രൈവര്‍ സിബിയുടെ സംസ്കാരം ചൊവ്വാഴ്ച മൂന്നിന് മുത്തോലപുരം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. ആലപുരം കുമ്പളം തടത്തില്‍ ലിറ്റിയാണ് ഭാര്യ. മക്കള്‍: വിദ്യാര്‍ഥികളായ അരുണ്‍, ജിതിന്‍.

Tags:    
News Summary - koothattukulam accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.