താമരശ്ശേരി: മുഖ്യപ്രതി ജോളിയുടെ കൈയൊപ്പ്, കൈയക്ഷരം എന്നിവയുടെ മാതൃക ശേഖരിക്കാനുള്ള അന്വേഷണസംഘത്തിെൻറ അപേക്ഷ ശനിയാഴ്ച പരിഗണിച്ചില്ല. പ്രോസിക്യൂഷന് നല്കിയ അപേക്ഷ ശനിയാഴ്ച പരിശോധിച്ചെങ്കിലും ജോളിയെ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കാത്തതിനാലാണ് ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ മറ്റൊരു ദിവസത്തേക്ക് പരിഗണിക്കാൻ വേണ്ടി മാറ്റിവെച്ചത്.
ടോം തോമസിെൻറ പേരിലുള്ള സ്വത്തും വീടുമെല്ലാം തെൻറ പേരിലേക്ക് ഒസ്യത്ത് ചെയ്തതായി കാണിച്ച് ജോളി വില്ലേജ് ഓഫിസില്‍ സമര്‍പ്പിച്ച അപേക്ഷ ജോളി തന്നെ തയാറാക്കിയതെന്ന് സ്ഥിരീകരിക്കുന്നതിനായിരുന്നു മാതൃകപരിശോധനക്ക് അന്വേഷണസംഘം അപേക്ഷ നല്‍കിയത്.
കോടതി അനുമതി നല്കിയാല് ജോളിയെ കോടതിയില്‍ ഹാജരാക്കുന്ന ദിവസം അവരുടെ കൈയൊപ്പും കൈയക്ഷരവും രേഖപ്പെടുത്തും. തുടര്‍ന്ന് ഇവ ശാസ്ത്രീയ പരിശോധനക്ക് അയക്കാനാണ് അന്വേഷണസംഘത്തിെൻറ തീരുമാനം.
കൂടത്തായി കൊലപാതക പരമ്പര; പ്രതികളുടെ റിമാന്‍ഡ് നീട്ടി
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം റോയ് തോമസ് വധക്കേസില്‍ ഒന്നാംപ്രതി പൊന്നാമറ്റം വീട്ടില്‍ ജോളി (47), ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജ്വല്ലറി ജീവനക്കാരനും റോയിയുടെ അമ്മാവെൻറ മകനുമായ രണ്ടാം പ്രതി കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്. മാത്യു എന്ന ഷാജി (44), മാത്യുവിന് സയനൈഡ് നല്കിയ മൂന്നാം പ്രതി താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍ (48) എന്നിവരുടെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി.
16 വരെയാണ് മൂന്നു പ്രതികളുടെയും റിമാന്‍ഡ് കാലാവധി താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ദീര്‍ഘിപ്പിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മാത്യുവിനെയും പ്രജികുമാറിനെയും ശനിയാഴ്ച രാവിലെ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനുള്ള പ്രജികുമാറിെൻറ ആവശ്യം കോടതി അംഗീകരിച്ചു.
എന്നാല്‍, ആല്ഫൈന് വധക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ജോളിയെ അന്വേഷണസംഘം കോടതിയിലെത്തിക്കാതെ റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഈ കേസില്‍ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തില്‍ ജോളിയെ ഞായറാഴ്ച വൈകീട്ട് നാലിനകം മജിസ്ട്രേറ്റിെൻറ വസതിയില്‍ ഹാജരാക്കും.
റോയ് തോമസിെൻറ ബന്ധുവിെൻറ മൊഴിയെടുത്തു
കുന്ദമംഗലം: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം റോയ് തോമസിെൻറ ബന്ധുവിെൻറ രഹസ്യമൊഴിയെടുത്തു. പൊന്നാമറ്റം കുടുംബത്തിലെ കാരപ്പറമ്പ് സ്വദേശി ജോസഫിെൻറ രഹസ്യമൊഴിയാണ് കുന്ദമംഗലം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നിസാം രേഖപ്പെടുത്തിയത്.
ശനിയാഴ്ച നാലുമണി മുതൽ 5.30 വരെ മൊഴിയെടുക്കൽ തുടർന്നു. നേരത്തേ പയ്യോളി ക്രൈംബ്രാഞ്ച് പൊലീസിനും കൊയിലാണ്ടിയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലും ഇദ്ദേഹം മൊഴി നൽകിയിരുന്നു. കേസ് കോടതിയിലെത്തുമ്പോൾ മൊഴി മാറ്റിപ്പറയാതിരിക്കാനാണ് മജിസ്ട്രേറ്റ് രഹസ്യമൊഴിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.