കൊങ്കണ്‍ റെയില്‍വേയില്‍ സംസ്ഥാനസര്‍ക്കാറിന്‍െറ ഓഹരിവിഹിതം വര്‍ധിപ്പിക്കും

തിരുവനന്തപുരം: കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡില്‍ (കെ.ആര്‍.സി.എല്‍) സംസ്ഥാനസര്‍ക്കാറിന്‍െറ ഓഹരിവിഹിതം വര്‍ധിപ്പിക്കാന്‍ തത്ത്വത്തില്‍ തീരുമാനം. പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനുമുള്ള ചെലവുകള്‍ക്കായി കോര്‍പറേഷന്‍ മൂലധനവിഹിതം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ അധിക ഓഹരിയായി 216 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പാത ഇരട്ടിപ്പിക്കലിനടക്കം 12,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിലേക്ക് കേന്ദ്രസര്‍ക്കാറില്‍നിന്നും കേരളമടക്കം നാല് സംസ്ഥാന സര്‍ക്കാറുകളില്‍നിന്നും 30 ശതമാനം വിഹിതമായി 3600 കോടി രൂപ സ്വരൂപിക്കാനാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍െറ തീരുമാനം.

അധികവിഹിതം സംബന്ധിച്ച് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കുകയും ഓഹരിപങ്കാളികളുടെ യോഗം വിളിച്ചുചേര്‍ക്കുന്നതിന് അംഗീകാരം തേടുകയും ചെയ്തിരുന്നു. അധിക പങ്കാളിത്ത വിഹിതമായ തുക മന്ത്രിസഭയുടെ അംഗീകാരത്തിന് വിധേയമായി നല്‍കാമെന്ന് ധനവകുപ്പും വ്യക്തമാക്കിയിരുന്നു. 4885.98 കോടി രൂപയുടെ ഓഹരിവിഹിതം 8485.98 കോടിയായി വര്‍ധിപ്പിക്കാനാണ് നീക്കം. നിലവില്‍ കേരളത്തിന്‍െറ വഹിതം ആറ് ശതമാനമാണ്. 2015 നവംബര്‍ എട്ടിനാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ആരംഭിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ നിന്ന് ലഭിച്ച 250 കോടി രൂപയാണ് തുടക്കത്തില്‍ പദ്ധതിക്ക് വേണ്ടി വിനിയോഗിച്ചത്. കൂടുതല്‍ പ്രവൃത്തികള്‍ക്കുള്ള തുക ലോകബാങ്കില്‍നിന്നോ ജൈക്കയില്‍നിന്നോ (ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ കോഓപറേഷന്‍ ഏജന്‍സി) കണ്ടത്തൊനായിരുന്നു നീക്കം. എന്നാലിത്  സമയബന്ധിതമായി നടന്നില്ല.

ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ട്രെയിനുകള്‍  ഓടിക്കാനും നിലവിലെ ട്രെയിനുകളുടെ  സമയനഷ്ടം ഒഴിവാക്കാനും സാധിക്കും. ചരക്കുകടത്തും കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ. ചരക്കുഗതാഗത ഇനത്തില്‍ റെയില്‍വേയുടെ വരുമാനം  ഇടിയുമ്പോഴും കൊങ്കണ്‍ റെയില്‍വേയെ ഇത് ബാധിച്ചിട്ടില്ല. 2013-14 വര്‍ഷത്തില്‍ 67.2 കോടി രൂപയാണ് ചരക്കുലോറികള്‍ കൊണ്ടുപോകുന്ന റോള്‍ ഓണ്‍, റോള്‍ ഓഫ് (ആര്‍.ഒ.ആര്‍.ഒ) സര്‍വിസ് വഴി നേടിയത്. 2014-15 വര്‍ഷത്തില്‍ ആറുകോടിയോളം രൂപ മുന്‍വര്‍ഷത്തെക്കാള്‍ അധികം നേടിയിരുന്നു.

Tags:    
News Summary - kongan railway corperation limited,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.