മലപ്പുറം എസ്.പി എസ്. സുജിത് ദാസ്

കൊണ്ടോട്ടി പീഡനശ്രമം: 15കാരനായ പ്രതി ജൂഡോ ചാമ്പ്യൻ, പെൺകുട്ടി ശക്തമായി ചെറുത്തുനിന്നെന്ന് പൊലീസ്

മലപ്പുറം: കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരൻ കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം ചെയ്തതെന്ന് മലപ്പുറം എസ്.പി. പീഡനം തന്നെയായിരുന്നു ഉദ്ദേശ്യമെന്നാണ് പൊലീസ് നിഗമനം.

പ്രതിക്ക് കായികമായി നല്ല കരുത്തുണ്ട്. ജില്ല തലത്തിൽ ജൂഡോ ചാമ്പ്യനാണ്. പെൺകുട്ടി ശക്തമായി ചെറുത്തുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. പെൺകുട്ടിയെ പ്രതി പിന്തുടർന്നിരുന്നു. പിതാവിന്‍റെ സാന്നിധ്യത്തിൽ പ്രതിയുടെ ചോദ്യംചെയ്യൽ പൂർത്തിയായിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കില്ല. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. നിലവിൽ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടൂക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ പെൺകുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും ചികിൽസ തേടി. പരിക്ക് ഗുരുതരമല്ല. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവ സ്ഥലത്ത് നിന്നു ലഭിക്കുകയുണ്ടായി. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറത്തു നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയുണ്ടായി.

Tags:    
News Summary - Kondotty rape attempt: Defendant judo champion, police say girl strongly resisted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.