കിളികൊല്ലൂർ: കളമശേരി മോഡലിൽ ജില്ലയിൽ രണ്ട് കുട്ടികൾക്ക് കൂട്ടുകാരുടെ ക്രൂര മർദ്ദനം. എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളാണ് സുഹൃത്തുക്കളുടെ മർദ്ദനത്തിനിരയായത്. ഞായറാഴ്ച വൈകുന്നേരം 3.30നാണ് നാടിനെ ഞെട്ടിച്ച കൊടും ക്രൂരത അരങ്ങേറിയത്.
മാമ്പുഴ കോടിയാട്ട്കാവ് ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടിൽ ഇവർ കളിച്ചിരുന്നു. പിന്നീട് ഫോണിലെ ഗ്രൂപ്പിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് കേസന്വേഷിക്കുന്ന കുണ്ടറ പൊലീസ് വ്യക്തമാക്കി.
കുട്ടികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. മർദ്ദനമേറ്റ കുട്ടിയും മർദ്ദിച്ചയാളും ഒരേ ട്യൂഷൻ സെൻററിലാണ് പഠിക്കുന്നത്. മറ്റൊരു സഹപാഠിയെ ഉപയോഗിച്ച് മർദ്ദനമേറ്റ കരിക്കോട് സ്വദേശികളായ വിദ്യാർഥികളെ പേരൂർ കൽക്കുളത്ത് വയലിലേക്ക് വിളിച്ചു വരുത്തി അക്രമിക്കുകയായിരുന്നു.
കരിങ്കല്ല് ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദ്ദനം. വിവരം പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി രക്ഷിതാക്കളുടെ മുന്നിലിട്ടു മർദ്ദിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി കുട്ടികൾ പറഞ്ഞു. മർദ്ദനമേറ്റവരും മർദ്ദിച്ചവരും പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നിയമ നടപടികളാണ് പൊലീസ് സ്വീകരിക്കുക.
ഏഴ് പ്രതികളാണ് സംഭവത്തിലുൾപ്പെട്ടിട്ടുള്ളത്. ഇവരിൽ പ്രായപൂർത്തിയായത് ഒരാൾ മാത്രമാണ്. ഇവർക്കെതിരെ 143, 147, 148, 294 ( ബി ), 323 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മർദ്ദനമേറ്റ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായും പ്രതികൾ ഉടൻ പിടിയിലാവുമെന്നും കുണ്ടറ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.