സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തിരികെയെത്തുന്നു

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പദവിയിലേക്ക്​ കോടിയേരി ബാലകൃഷ്​ണൻ തിരിച്ചെത്തുന്നു. ഒരു വർഷം മുമ്പ്​ സെ​ക്രട്ടറി സ്​ഥാനത്തു നിന്ന്​ കോടിയേരി ബാലകൃഷ്​ണൻ അവധി​യെടുത്തതിനെ തുടർന്ന്​ എ. വിജയ രാഘവന്​ താൽകാലിക ചുമതല നൽകിയതായിരുന്നു. നാളെ സംസ്ഥാന സെക്രട്ടറിയായി കോടിയേരി വീണ്ടും ചുമതലയേൽക്കും.

2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടികാണിച്ചാണ്​​ കോടിയേരി അവധിയെടുത്തത്​. മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടർന്നുള്ള വിവാദങ്ങൾക്കിടെയാണ്​ കോടിയേരി അവധിയിൽ പ്രവേശിച്ചത്​.

മകൻ ബിനീഷ്​ ജാമ്യം നേടി ജയിൽ മോചിതനായ സാഹചര്യത്തിലാണ്​ കോടിയേരി ബാലകൃഷ്​ണൻ സെക്രട്ടറി പദവിയിലേക്ക്​ തിരികെ എത്തുന്നത്​. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായ സാഹചര്യത്തിൽ സെക്രട്ടറി പദവിയിലേക്ക്​ തിരിച്ചെത്തുന്നുവെന്നാണ്​ വിശദീകരണം.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലായിരുന്നു കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്​. ബിനീഷിന്‍റെ അറസ്റ്റ്​ രാഷ്​​ട്രീയ എതിരാളികൾ പ്രചരണ വിഷയമാക്കുന്നത്​ ഒഴിവാക്കാനാണ്​ വിജയരാഘവന്​ ചുമതല നൽകി കോടിയേരി ഒഴിഞ്ഞതെന്ന ആക്ഷേപം ശക്​തമായിരുന്നു.

2015ൽ ആലപ്പുഴയിൽ നടന്ന സമ്മേളനത്തിലാണ് കോടിയേരി സെക്രട്ടറിയായത്. 2018ൽ തൃശൂരിൽ നടന്ന സമ്മേളനത്തിലും അദ്ദേഹം തൽസ്​ഥാനത്ത് തുടർന്നു. സി.പി.എം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, പിബി അംഗം തുടങ്ങിയ പദവികൾ പാർട്ടിയിൽ കോടിയേരി വഹിച്ചിട്ടുണ്ട്​. നിലവിൽ സി.പി.എം പി.ബി അംഗമാണ്​ കോടിയേരി ബാലകൃഷ്​ണൻ. 

Tags:    
News Summary - kodiyeri returns back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.