ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന പ്രതിപക്ഷശൈലി വിലകുറഞ്ഞത്​ -കോടിയേരി

തിരുവനന്തപുരം: ദുരന്തങ്ങളെ സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന പ്രതിപക്ഷശൈലി വിലകുറഞ്ഞതാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെട്ടിമുടി--കരിപ്പൂർ ദുരന്തങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും ഇരട്ടത്താപ്പ് കാട്ടിയെന്ന ചെന്നിത്തല, കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ എന്നിവർ ഒരുപോലെ രംഗത്തുവന്നത്​ അതാണ് വ്യക്തമാക്കുന്നതെന്ന്​ ദേശാഭിമാനിയില്‍ എഴുതിയ ‌ലേഖനത്തില്‍ കോടിയേരി വിമര്‍ശിച്ചു.

തമിഴ് സഹോദരന്മാരെ മലയാളികൾക്കെതിരായി തിരിച്ചുവിടുന്ന നടപടിയാണ് അവരിൽനിന്നുണ്ടായത്. വിമാനദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ മാത്രമാണ് വാഗ്ദാനം ചെയ്തതെന്നും പെട്ടിമുടിയിൽ മുഖ്യമന്ത്രി എത്താത്തത് അവരോടുള്ള സഹതാപരാഹിത്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, ഗവർണർക്കൊപ്പം മുഖ്യമന്ത്രി വ്യാഴാഴ്ച പെട്ടിമുടിയിലെത്തുകയും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ആദ്യപടിയായി നൽകുന്നതാണെന്ന് ആദ്യദിവസംതന്നെ മുഖ്യമന്ത്രി അറിയിച്ചതാണ്. ഇതൊന്നും പ്രതിപക്ഷം മാനിക്കുന്നില്ല.

വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ലാറ്റ് നിര്‍മാണം യൂണിടാക്കിനെ ഏല്‍പ്പിച്ചതില്‍ സര്‍ക്കാറിന് പങ്കില്ലെന്നും കോടിയേരി വ്യക്​തമാക്കി. റെഡ് ക്രസന്‍റിന്‍റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണ്​. റെഡ്ക്രസൻറി​െൻറ കാരുണ്യ പദ്ധതിയെ അപകീർത്തിപ്പെടുത്തിയിട്ടായാലും വേണ്ടില്ല, സർക്കാരിനുമേൽ കരിതേച്ചാൽ മതിയെന്ന ചിന്തയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷവും. ഇവിടെയും നാടിന് അനുഗുണമായ കാരുണ്യ പദ്ധതികളോടുള്ള പ്രതിബദ്ധതയല്ല, വിവാദങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിലാണ് ഇക്കൂട്ടരുടെ താൽപ്പര്യമെന്ന് വ്യക്തമാകുന്നു.

ഹിന്ദുത്വ ശക്തികളും പിന്തിരിപ്പൻമാരും ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്ന ഇരുട്ടിനുള്ളില്‍ പ്രകാശിക്കുന്ന നിറദീപമാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍.

സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. വിവാദം ഉത്പാദിപ്പിക്കുന്നതിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ദേശാഭിമാനിയില്‍ എഴുതിയ ‌ലേഖനത്തില്‍ കോടിയേരി വിമര്‍ശിച്ചു. ബി.ജെ.പി, കോൺഗ്രസ്, മുസ്​ലിംലീഗ് സംയുക്ത പ്രതിപക്ഷത്തി​െൻറ വിവാദ വ്യവസായത്തിന്‍റെ ഉൽപ്പന്നങ്ങൾ അവർക്കു നേരെതന്നെ പാഞ്ഞടുക്കുന്ന ഗതികിട്ടാ പ്രേതങ്ങളായി മാറുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.