ഫൈസൽ വധക്കേസിലെ രണ്ടാംപ്രതിയെ വെട്ടിക്കൊന്നു

തിരൂർ: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാംപ്രതിയെ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തി. ആലത്തിയൂർ പഞ്ഞൻപടി കുണ്ടിൽ ബാബുവി​െൻറ മകൻ ബിബിൻ (24) ആണ് കൊല്ലപ്പെട്ടത്. ആർ.എസ്​.എസ്​ പ്രവർത്തകനാണിയാൾ. തിരൂർ ബി.പി അങ്ങാടിക്കടുത്ത്​ പുളിഞ്ചോട്ടിൽ വ്യാഴാഴ്ച രാവിലെ ഏ​േഴാടെയാണ് സംഭവം. ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ പിന്തുടർന്നെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കലാപസാധ്യത കണക്കിലെടുത്ത് തിരൂർ നഗരസഭ പരിധിയിൽ ഭാഗികമായും തലക്കാട് പഞ്ചായത്തിൽ പൂർണമായും ജില്ല പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റ നിരോധനാജ്ഞ പുറപ്പെടുവിച്ചു.  

വെട്ടേറ്റ ബിബിൻ ബൈക്കുപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്നെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. പ്രാണരക്ഷാർഥം സമീപത്തെ വീട്ടിലേക്ക് ഓടിക്ക‍യറാൻ ശ്രമിക്കുന്നതിനിടെ വീടി​െൻറ ഗേറ്റിന് മുന്നിലിട്ട് വീണ്ടും വെട്ടുകയായിരുന്നു. പത്തിലേറെ ഭാഗത്ത് വെട്ടേറ്റു. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗസംഘമാണ് വെട്ടിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. മുഖംമൂടിയണിഞ്ഞാണ് സംഘമെത്തിയതെന്ന് പ്രദേശവാസികൾ മൊഴി നൽകി. പുളിഞ്ചോട്-മുസ്​ലിയാരങ്ങാടി റോഡിലൂടെയാണ് അക്രമികൾ രക്ഷപ്പെട്ടത്. 

തിരൂർ മേഖലയിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. പ്രതികളെ കണ്ടെത്താൻ ജില്ല പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാർ സ്ഥലം പരിശോധിച്ചു. വിരലടയാള വിദഗ്ധൻ കെ. സതീഷ്ബാബു സ്​ഥലത്തെത്തി. മലപ്പുറത്ത് നിന്ന്  ഡോഗ് സ്ക്വാഡിലെ റിങ്കോ എന്ന നായയെ കൊണ്ടുവന്നെങ്കിലും പ്രതികളുടേതെന്ന് കരുതുന്ന വസ്തുക്കൾ ലഭിക്കാതിരുന്നതിനാൽ പരിശോധന നടത്തിയില്ല.

സംഭവത്തിൽ പ്രതിഷേധിച്ച് തിരൂർ താലൂക്കിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ ബി.ജെ.പിയും ആർ.എസ്.എസും ഹർത്താൽ ആചരിച്ചു. മതം മാറിയ കൊടിഞ്ഞി ഫൈസലിനെ കഴിഞ്ഞ വർഷം നവംബർ 19ന് പുലർച്ചെയാണ്​ കൊലപ്പെടുത്തിയത്. ബിബിനെ ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് അറസ്​റ്റ്​ ചെയ്ത് ജയിലിലടച്ചു. ഒന്നര മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മാതാവ്: നിർമല. സഹോദരങ്ങൾ: മിഥുൻ, മൃദുല. പോസ്​റ്റ്​മോർട്ടം നടത്തിയ മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ച് രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു. 


 
 

Tags:    
News Summary - kodinji faisal murder accused killed tirur bipin- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.