കൊച്ചി: തേവര പാലത്തിൽ ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിയ നിലയിലാണ് ലോറി നിന്നത്. വാഹനത്തിന്റെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകളില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
12.15 നായിരുന്നു അപകടം. തോപ്പുംപടിയിൽനിന്ന് കൊച്ചി നഗരത്തിലേക്ക് മാലിന്യം കയറ്റിവന്ന ലോറിയാണ് തേവര പാലത്തിൽ അപകടത്തിൽപ്പെട്ടത്. മാലിന്യം ശേഖരിച്ച് പോകുമ്പോഴായിരുന്നു അപകടം. തേവര പാലത്തിൽ വെച്ച് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. നാട്ടുകാരും പൊലീസും എത്തിയാണ് ഡ്രൈവറെ ലോറിയിൽ നിന്ന് പുറത്തെത്തിച്ചത്.
അതേസമയം, ഉച്ച സമയമായതിനാൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കില്ലാത്തതെന്നും വൈകിട്ട് ആകുന്നതിന് മുമ്പ് വാഹനം ഇവിടെ നിന്ന് മാറ്റുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യം സ്ഥലത്തെത്തിയ ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റാൻ സാധിക്കാത്തതിനാൽ മറ്റൊരു ക്രെയിൻ എത്തിക്കാനുള്ള ശ്രമത്തിലാണ്.
ക്രെയിൻ എത്തിച്ച്, അഗ്നിരക്ഷാ സേന വടം ലോറിയുമായി കെട്ടിയിട്ട് വേണം വാഹനം ഇവിടെ നിന്നും മാറ്റാൻ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിന്റെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ കായലിൽ വീണിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.