കൊച്ചി മെട്രോക്ക് ഒരു വയസ്സാകുന്നു; ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്ര

കൊച്ചി: ഒന്നാം പിറന്നാൾ ആഘോഷമാക്കാൻ ഓഫറുകളുമായി കൊച്ചി മെട്രോ. ഇൗ മാസം 19ന് മെട്രോയിൽ എല്ലാവർക്കും സൗജന്യ യാത്ര. 2017 ജൂണ്‍ 17ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തശേഷം 19 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സർവിസ്​ തുടങ്ങിയത്​ അനുസ്​മരിച്ചാണ്​ ‘ഫ്രീ റൈഡ് ഡേ’. 19 ന്​ പുലര്‍ച്ച ആറുമുതല്‍ രാത്രി 10ന്​ സര്‍വിസ് അവസാനിക്കും വരെ മെട്രോയില്‍ പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാം. 15 മുതൽ 18 വരെ യാത്ര ചെയ്യുന്നവർക്ക്​ നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും കൊച്ചി വൺ കാർഡ്​ എടുക്കുന്നവർക്ക് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്​.

ഒരു വർഷം കൊണ്ട് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വർധനയുണ്ടായെന്നും നഷ്​ടം പകുതിയായി കുറഞ്ഞെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

തുടക്കത്തിൽ പ്രതിദിനം 20,000 മുതൽ 25,000 പേർ വരെയായിരുന്നു യാത്രക്കാർ. ഇപ്പോൾ 35,000 മുതൽ 40,000 വരെ എത്തി. വരവു-ചെലവിലെ അന്തരം 12 ലക്ഷമായി കുറഞ്ഞു. ആറുകോടിയായിരുന്ന പ്രതിമാസ നഷ്​ടം ഇപ്പോൾ 3.60 കോടിയായി. 

ടിക്കറ്റിതര വരുമാനത്തിലൂടെയും നേട്ടമുണ്ടാക്കാനായി. അടുത്ത വർഷത്തോടെ സർവിസ്​ പേട്ടയിലേക്ക്​ നീട്ടും. ഇതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 65,000 ആയി ഉയരുമെന്നാണ് പ്രതീക്ഷ. ആനുപാതികമായി നഷ്​ടവും കുറയും. വെർട്ടിക്കൽ ഗാർഡൻ, ട്രാൻസ്ജെൻഡറിന്​ ജോലി, കുടുംബശ്രീ പ്രവർത്തകരുടെ സാന്നിധ്യം, സൗരോർജ ഉൽപാദനം, ഓപൺ ഡാറ്റ തുടങ്ങിയവയും കൊച്ചി മെട്രോയെ വ്യത്യസ്തമാക്കുന്നു. 

മഹാരാജാസ് കോളജ് മുതൽ തൈക്കൂടം വരെയുള്ള നിർമാണം അടുത്ത ജൂണിൽ പൂർത്തിയാക്കും. തുടർന്ന് നാല് മാസത്തിനകം അവിടെനിന്ന്​ പേട്ട വരെയും മെട്രോ ഓടിയെത്തും. പേട്ട മുതൽ എസ്.എൻ ജങ്ഷൻ വരെ ഭൂമി ഏറ്റെടുപ്പ് നടപടി പുരോഗമിക്കുകയാണ്. എസ്.എൻ ജങ്ഷനിൽനിന്ന്​ തൃപ്പൂണിത്തുറ റെയിൽ​േവ സ്​റ്റേഷൻ വരെയുള്ള നിർമാണത്തിന്​ പ്രാഥമിക പഠനവും നടക്കുന്നു. 

ഫ്രഞ്ച് ധനസഹായത്തോടെ പദ്ധതി നടത്താനാണ് ഉദ്ദേശിക്കുന്നത്. ജലമെട്രോ ബോട്ടിനുള്ള ടെൻഡർ നടപടി പുരോഗമിക്കുകയാണ്. രണ്ടാം വർഷത്തേക്ക് കടക്കുമ്പോൾ പ്രതിമാസ പാസ്, ദിവസ പാസ് എന്നിവ അവതരിപ്പിക്കും. ജൂലൈ 15ന് മുമ്പ് പ്രതിമാസ പാസിന് തുടക്കം കുറിക്കും. നിലവിലെ വൈദ്യുതി ഉപയോഗത്തി​​െൻറ 40 ശതമാനം സൗരോർജത്തിൽനിന്ന് ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ട്​ സോളാർ പദ്ധതിയും മുന്നോട്ടുപോകുന്നു. 830 ഓളം ബസുകളിൽ ജി.പി.എസ് ഘടിപ്പിച്ചു. ഇ​േതാടനുബന്ധിച്ച മൊബൈൽ ആപ്ലിക്കേഷനും തയാറായെന്ന്​ മുഹമ്മദ്​ ഹനീഷ്​ അറിയിച്ചു.
 

Tags:    
News Summary - kochi metro first anniversary- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.