മെട്രോ നഗരത്തിൽ തുടർച്ചയോ തിരിച്ചെടുക്കലോ?

കൊച്ചി: വിമതരുടെ രൂക്ഷമായ ആക്രമണവും കളം മാറിയുള്ള കളികളും ട്വൻറി 20 പോലുള്ള പാർട്ടികളുടെ രംഗപ്രവേശവും നിറഞ്ഞ കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പു ഗോദയിൽ ഇത്തവണ മത്സരം പതിവിലും കനത്തിരിക്കുകയാണ്. തുടർച്ചയായ രണ്ടാം വട്ടവും കോർപറേഷൻ പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പ്രചരണങ്ങളും മുന്നേറുന്നത്.

എന്നാൽ, മുമ്പുണ്ടായിരുന്ന യു.ഡി.എഫ് ഭരണസമിതികളുടെ വികസനപദ്ധതികളുടെ തുടർച്ചമാത്രമേ നിലവിലെ ഭരണപക്ഷം ചെയ്തിട്ടുള്ളൂവെന്നും പുതുതായി ഒന്നുമില്ലെന്നുമുള്ള അവകാശവാദത്തോടെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യു.ഡി.എഫ് ഏറെക്കാലമായി ഭരിച്ചുപോന്നിരുന്ന കൊച്ചി കോർപറേഷനെ 2020ൽ ഇടതുപക്ഷം കൈയ്യടക്കിയത് വിജയിച്ച ലീഗ്, കോൺഗ്രസ് വിമതരുൾപ്പെടെ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ്.

മേയർ എം. അനിൽകുമാറിന്‍റെ നായകത്വത്തിലായിരുന്നു അഞ്ചു വർഷവും പല പ്രശ്നങ്ങളുണ്ടായിട്ടും എൽ.ഡി.എഫ് ഭരണസമിതി മുന്നേറിയത്. സമൃദ്ധി, മാലിന്യപ്രശ്നത്തിന് പരിഹാരം, എറണാകുളം മാർക്കറ്റ് തുടങ്ങിയവയാണ് വികസന നാഴികകല്ലായി ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്.

എന്നാൽ, അറുതിയാവാത്ത മാലിന്യപ്രശ്നവും തെരുവുനായ്ക്കളുടെ വിളയാട്ടവും ഒറ്റമഴയത്തുണ്ടാകുന്ന വെള്ളക്കെട്ടുമെല്ലാമാണ് യു.ഡി.എഫിന്‍റെ പ്രചരണായുധങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ട് വലിയ വിഷയമാക്കുന്നുണ്ടിവർ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ടാണ് യു.ഡി.എഫ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ഇതിനിടെ യു.ഡി.എഫിൽ സീറ്റ് കിട്ടാത്ത നിരവധി പേർ ഇടതുമാറിയതും സ്വതന്ത്രരായതുമെല്ലാം മുന്നണിക്ക് തലവേദന സൃഷ്ടിക്കുന്നു. എട്ട് വിമതരാണ് കോർപറേഷനിൽ മാത്രമുള്ളത്. യു.ഡി.എഫിന്‍റെ മുൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാർ, സിറ്റിങ് കൗൺസിലർ ബാസ്റ്റിൻബാബു, മാലിനി കുറുപ്പ് തുടങ്ങിയവരെല്ലാം കളംമാറി. സുനിത ഡിക്സണും ശാന്ത വിജയനും ബി.ജെ.പിയിൽ ചേർന്നതും മുന്നണിക്ക് തലവേദനയായി.

എൻ.ഡി.എക്ക് വലിയ സ്വാധീനമൊന്നും സൃഷ്ടിക്കാനാവില്ലെങ്കിലും നിലവിലെ അഞ്ചു സീറ്റു കൂടാതെ അധിക വാർഡുകൾ പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പടയൊരുക്കം. കൂടാതെ 76 വാർഡിൽ 56 ഇടത്ത് സ്ഥാനാർഥികളെ നിർത്തി ട്വൻറി 20യും കളത്തിലുണ്ട്. കഴിഞ്ഞ തവണ 59 ഡിവിഷനുകളിൽ മത്സരിച്ച് 20,000 ഓളം വോട്ട് പിടിച്ച വി ഫോർ കൊച്ചി ഇത്തവണ മത്സരിക്കുന്നില്ല.

ഇത്തവണ മേയർ വനിത സംവരണമായതിനാൽ വനിതകളെ ജനറൽ സീറ്റിലുൾപ്പെടെ നിർത്തിയാണ് രണ്ടു മുന്നണികളും അങ്കം കുറിച്ചത്. കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലെത്തിയ ഇടതു സ്ഥാനാർഥിയും സി.പി.എമ്മിൽ നിന്നു പടിയിറങ്ങിയ കോൺഗ്രസ് ടിക്കറ്റിലെ സ്വതന്ത്രനും അങ്കംവെട്ടുന്ന വൈറ്റിലയും ലീഗ് ബെഞ്ചിൽ ഒന്നിച്ചിരുന്നവർ പരസ്പരം പോരടിക്കുന്ന കലൂർ നോർത്തും മൂന്നുപതിറ്റാണ്ടിലേറെ ബി.ജെ.പി കൗൺസിലറായിരുന്ന ശ്യാമള എസ്. പ്രഭു രാജിവെച്ച് സ്വതന്ത്രയായി മത്സരിക്കുന്ന ചെറളായിയുമെല്ലാം മരണപോരാട്ടം നടക്കുന്ന വാർഡുകളിൽ ചിലതുമാത്രം. നിലവിൽ 74 ഡിവിഷനുകളിൽ എൽ.ഡി.എഫ്-38, യു.ഡി.എഫ്-31, ബി.ജെ.പി അഞ്ച് എന്നിങ്ങനെയായിരുന്നു കക്ഷിനില.

Tags:    
News Summary - Kochi local body election news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.