മടിക്കൈ (കാസർകോട്): കമ്യൂണിസവും കർഷക പ്രശ്നവും മാത്രം ചർച്ച ചെയ്തുവളർന്ന വിപ്ലവമണ്ണ് പുതിയൊരു ചർച്ചക്കുകൂടി തുടക്കമിട്ടു. ‘പുരനിറഞ്ഞ് നിൽക്കുന്ന പുരുഷന്മാർ’. മടിക്കൈ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് ചർച്ച നടന്നത്. എത്ര അന്വേഷിച്ചു നടന്നാലും കല്യാണം കഴിക്കാൻ പെണ്ണിനെ കിട്ടാത്ത സ്ഥിതിവിശേഷമാണ് മടിക്കൈയെ ചർച്ചയിലേക്ക് കൊണ്ടെത്തിച്ചത്.
വിവാഹം കഴിക്കാൻ പെണ്ണന്വേഷിച്ച് മടുത്ത ചന്ദ്രു വെള്ളരിക്കുണ്ട് മുഖ്യാതിഥിയായിരുന്നു. പെണ്ണ് കിട്ടാത്തതിനാൽ താൻ വരിക്കപ്ലാവിനെ വിവാഹം കഴിച്ചിരിക്കുകയാണെന്ന് ചന്ദ്രു പറഞ്ഞു. ‘എല്ലാവരും വലിയ ഡിമാൻഡുകളാണ് മുന്നോട്ടുവെക്കുന്നത്. വരിക്കപ്ലാവ് ഒന്നും ചോദിക്കില്ലല്ലോ. അതുകൊണ്ട് താൻ വരിക്കപ്ലാവിനെ വരിച്ചു’-ചന്ദ്രു പറഞ്ഞു.
വലിയ സാമൂഹിക പ്രശ്നമായി ഇതു മാറിയിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി. പ്രഭാകരൻ പറഞ്ഞു. ഇത്തരം ഇടപെടലുകൾ അത് പരിഹരിക്കാനുതകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾ ഏറ്റവും സ്വതന്ത്രമായി ചിന്തിക്കുന്ന കാലമാണിതെന്നും തങ്ങളുടെ സ്വാതന്ത്ര്യം അവർ വിനിയോഗിക്കുകയാണെന്നും ചരിത്രകാരൻ ഡോ. സി. ബാലൻ പറഞ്ഞു. സ്ത്രീകൾ വിദ്യാഭ്യാസ കാര്യത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. അതിെൻറ പ്രതിഫലനം കൂടിയായി ഇൗ പ്രവണതയെ കാണാമെന്ന് അദ്ദേഹം പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിക്കഴിഞ്ഞുവെന്ന് കാഞ്ഞങ്ങാട് സി.െഎ സി.കെ. സുനിൽകുമാർ പറഞ്ഞു. മിസിങ് കേസുകളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. വിവാഹിതയായ സ്ത്രീകളുടെ മിസിങ് കേസുകൾ വർധിക്കുകയാണ്.
അതേസമയം, ഇത് പുരുഷവിലാപമാണെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി. സ്ത്രീകൾ പുരനിറഞ്ഞ കാലത്ത് ഇതുപോലെ സ്ത്രീകളുടെ വിവാഹം നടത്താൻ മുറവിളി ഉയർത്തിയിരുന്നില്ലെന്നും പുരുഷന്മാർക്ക് അവർ ആഗ്രഹിച്ച പെണ്ണിനെ കിട്ടാത്തതിലുള്ള വിലാപമാണിതെന്നും ചിലർ പറഞ്ഞു. അഡ്വ. പി.പി. ശ്യാമളാദേവി, രവീന്ദ്രൻ രാവണേശ്വരം, പി. ബേബി ബാലകൃഷ്ണൻ, ശശീന്ദ്രൻ മടിക്കൈ, പി.കെ. സുരേഷ് ബാബു, ടി.കെ. നാരായണൻ, എ. വിധുബാല എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.