ലോട്ടറി വരുമാനം പൊതുജന ക്ഷേമത്തിനാണ് ഉപയോഗിക്കുന്നതെന്ന് കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ലോട്ടറിയില്‍ നിന്നും ലഭ്യമാകുന്ന വരുമാനം പൊതുജനക്ഷേമത്തിനായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും 2023-24 ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ലോട്ടറി സംവിധാനമെന്ന നിലയില്‍ കിട്ടുന്ന തുകയുടെ സിംഹഭാഗവും ജനങ്ങളിലേയ്ക്ക് തന്നെ തിരികെ എത്തിക്കുന്ന സമ്പ്രദായമാണ് ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്. ലോട്ടറി പ്രസ്ഥാനം പലരുടെയും ഉപജീവനമാര്‍ഗമാണ്. അതിനാല്‍ തന്നെ ജനങ്ങളുടെ പിന്തുണയോടെ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തപ്പെടുത്തും. പൊതു സമൂഹത്തെ സഹായിക്കാനും സംരക്ഷിക്കാനുമെന്ന നിലയില്‍ സമ്മാനമെന്നതിനപ്പുറം ചാരിറ്റിയായും ലോട്ടറിയെടുക്കുന്ന നിലയും കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

ലോട്ടറി സമ്മാനത്തുകയും സമ്മാനങ്ങളും വര്‍ധിപ്പിക്കണമെന്ന നിരവധി അഭ്യര്‍ഥനകള്‍ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. ലോട്ടറി തൊഴിലാളികളുടെയും ഏജന്റുമാരുടെയും ഇത്തരം അഭ്യര്‍ഥനകളും സര്‍ക്കാര്‍ അനുഭാവത്തോടെ സ്വീകരിച്ച് സമ്മാനങ്ങള്‍ വധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ സമ്മാനഘടനയില്‍ വലിയ വര്‍ധനവ് വരുത്തിയാണ് ഇത്തവണത്തെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ പുറത്തിറക്കിയത്. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞ തവണ 3,88,840 ആയിരുന്നത് ഇത്തവണ 6,91,300 എണ്ണമായി ഉയര്‍ത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ഇക്കുറി ഒന്നാം സമ്മാനമായ 20 കോടിയ്ക്ക് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്ക് ആകെ 20 കോടിയാണ് രണ്ടാം സമ്മാനമായും നല്‍കുന്നത്. ഇതോടെ 2023-24 ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ 21 കോടീശ്വരന്‍മാരെയാണ് സൃഷ്ടിക്കുന്നത്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും മൂന്നു വീതം ആകെ 30 പേര്‍ക്കും നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് വീതം ആകെ 20 പേര്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് വീതം ആകെ 20 പേര്‍ക്കും നല്‍കുന്നു.

സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ബ്ലോ അപ്പ് ചലചിത്ര താരം സോനാ നായര്‍ക്ക് നല്‍കി മന്ത്രി കെ.എന്‍ബാലഗോപാല്‍ പ്രകാശനം ചെയ്തു. സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയും ആകര്‍ഷകമായ സമ്മാനഘടനയുമാണെത്തുന്നത്. ഒന്നാം സമ്മാനമായി 10കോടിയും രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയും നല്‍കുന്നു. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 250 രൂപയാണ് നറുക്കെടുപ്പ് 2024 മാര്‍ച്ച് 27-ന് ഉക്ക് രണ്ടിന് നടക്കും.

ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ചു. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ മായാ എന്‍.പിള്ള, രാജ് കപൂര്‍ എന്നിവരും സന്നിഹിതരായിരുന്നു. 2023-24 ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ് ധന വകുപ്പു മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിച്ചു. രണ്ടാം സമ്മാനത്തിന്റെ ആദ്യ രണ്ടു നറക്കെടുപ്പുകള്‍ ആന്റണി രാജു എം.എൽഎയും സോനാ നായരും നിര്‍വഹിച്ചു.XC 224091 (പാലക്കാട്) എന്ന നമ്പരാണ് ഒന്നാം സമ്മാനമായ 20 കോടി രൂപക്ക് അര്‍ഹമായത്.

Tags:    
News Summary - KN Balagopal said that lottery revenue is used for public welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.