സുരക്ഷാ മാനദണ്ഡം പാലിച്ചില്ല; കെ.എം.സി.ടി മെഡിക്കല്‍  കോളജ് അടച്ചുപൂട്ടാന്‍ ഉത്തരവ്

കോഴിക്കോട്: സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളജ് അടച്ചുപൂട്ടാന്‍ ജില്ല കലക്ടറുടെ ഉത്തരവ്. മെഡിക്കല്‍ കോളജിനും ആശുപത്രിക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും ഒരുവിധ അഗ്നി സുരക്ഷയുമില്ളെന്ന ഫയര്‍ ആന്‍ഡ് റസ്ക്യൂ അസി. ഡിവിഷനല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കലക്ടര്‍ എന്‍. പ്രശാന്തിന്‍േറതാണ് നടപടി.  അഗ്നിശമന-ദുരിതാശ്വാസ വകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുവരെ അടച്ചിടണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. കൊല്‍ക്കത്തയിലെ എസ്.യു.എം ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 20 രോഗികള്‍ മരിച്ചതും 105 പേര്‍ക്ക് പരിക്കേറ്റതുമായ സമീപകാല സംഭവം ഉത്തരവില്‍ ഓര്‍മിപ്പിച്ചു. 

മെഡിക്കല്‍ കോളജിനും അനുബന്ധ കെട്ടിടങ്ങള്‍ക്കും ഒരുതരത്തിലുള്ള അഗ്നി സുരക്ഷയുമില്ലാത്തതിനാല്‍ ഇതുമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ളെന്ന് മുക്കം നഗരസഭ സെക്രട്ടറിയും നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂഗര്‍ഭ ടാങ്ക്, 2000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടെറസ് ടാങ്ക്, വെള്ളം പമ്പ് ചെയ്യുന്നതിന് 2280 ലിറ്റര്‍/മിനിറ്റ്സ് ശേഷിയുള്ള ഡീസല്‍ പമ്പ് തുടങ്ങിയ മാനദണ്ഡങ്ങളൊന്നും മാനേജ്മെന്‍റ് പാലിച്ചില്ളെന്നും പലതവണ നോട്ടീസ് നല്‍കിയിട്ടും ഫലമുണ്ടായില്ളെന്നും നഗരസഭ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇതെല്ലാം വ്യക്തമാക്കി ജൂണ്‍ 10ന് കലക്ടര്‍ നല്‍കിയ അന്തിമ നോട്ടീസും അവഗണിക്കപ്പെട്ടതിനാലാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. 

മുക്കം നഗരസഭ സെക്രട്ടറി, താമരശ്ശേരി ഡിവൈ.എസ്.പി എന്നിവരോട് ഉത്തരവ് നടപ്പാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. അതേസമയം, അഗ്നിശമന വകുപ്പ് നിര്‍ദേശിക്കുന്ന പ്രവൃത്തിയെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നടപടിക്രമങ്ങളിലെ കാലതാമസം മാത്രമാണുള്ളതെന്നും മാനേജ്മെന്‍റ് അധികൃതര്‍ വ്യക്തമാക്കി. 
 

Tags:    
News Summary - KMCT-MEDICAL COLLEG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.