സത്യാവസ്ഥ അറിയാൻ കെ.എം ഷാജിയെ വിളിക്കും -സാദിഖലി തങ്ങൾ

കെ.എം ഷാജി അദ്ദേഹത്തിനെതിരെ വിമർശനമുയർന്ന പ്രവർത്തക സമിതിക്ക് ശേഷം വിളിച്ചിട്ടില്ലെന്നും അങ്ങോട്ട് വിളിക്കാനിരിക്കുകയാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. മാധ്യമങ്ങളോട്‌ സംസാരിക്കവേയാണ് പ്രതികരണം. ​വിദേശത്ത് പോകുന്നതിന് മുമ്പ് ആ വിവരം അറിയിച്ച് വിളിച്ചിരുന്നു. പ്രവർത്തക സമിതിയിൽ വിമർശനങ്ങളുണ്ടാകുമെന്നും അംഗങ്ങൾക്കുള്ള അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ പറയുകയെന്നതാണ് പാർട്ടി നയമെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെത്തിയാൽ ഷാജിയോട് സത്യാവസ്ഥ അറിയാൻ സംസാരിക്കും. പാർട്ടിയിൽ വിഭാഗീയതയില്ലെന്നും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി വേദികളിലല്ലാതെ ഷാജി പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ ആവശ്യമുയർന്നിരുന്നു. സൗദിയിലെ ഒരു പരിപാടിയിൽ പോലും പ്രധാന നേതാക്കളെ ഉന്നം വെക്കുന്ന രീതിയിൽ ഷാജി പ്രസംഗിച്ചെന്നും വിമർശനമുണ്ടായി. ചാനൽ അഭിമുഖങ്ങളിലും മറ്റും പാർട്ടിക്കെതിരെ ഷാജി വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.

പ്രവർത്തക സമിതിയിലെ വിമർശനത്തോട് കെ.എം ഷാജി പിന്നീട് പ്രതികരിച്ചിരുന്നു. ''എന്റെ പാർട്ടി എന്നെ തിരുത്തിയാലും വിമർശിച്ചാലും അതിൽ മനംനൊന്ത് ശത്രുപാളയത്തിൽ ഞാൻ അഭയം തേടില്ല. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും. ശത്രുവിന്റെ കൂടാരത്തിന്റെ ചായ്പ്പിലാകില്ല. അതുകണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട. എന്റെ ശ്വാസവും ശക്തിയും ധാരണയും കാഴ്ചപ്പാടുകളുമെല്ലാം രൂപപ്പെടുത്തിയതും എന്നെ ഞാനാക്കിയതും ഈ പാർട്ടിയാണ്. ശത്രുവിന്റെ പാളയത്തിൽ അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ പറ്റുന്ന കൂട്ടത്തിൽ ഷാജിയും ലീഗുകാരും ഉണ്ടാകില്ല'' എന്നിങ്ങനെയായിരുന്നു ​പ്രതികരണം. ലീഗ് പ്രവർത്തക സമിതിയിൽ തനിക്കെതിരെ വിമർശനമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന പാർട്ടി പരിപാടിയിൽ ഷാജിക്കെതിരെ പരോക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്തുവന്നിരുന്നു. ''മുസ്‌ലിം ലീഗ് ഒ​രു വടവൃക്ഷമാണ്. ഇതിന്റെ കൊമ്പിൽ നമ്മളൊക്കെ ഇരിക്കുന്നുണ്ട്. കൊമ്പിൽ കയറി വല്ലാതെ കസർത്ത് കളിച്ചാൽ ചിലപ്പോൾ കൊമ്പൊടിയും, ചിലപ്പോൾ കൊമ്പിൽനിന്ന് തെന്നിവീഴും. രണ്ടാണെങ്കിലും വീഴുന്നവർക്ക് മാത്രമാണ് പരിക്ക്. ഈ വടവൃക്ഷത്തിന് ഒരു പരിക്കും ഏൽക്കില്ലെന്ന ബോധ്യമുള്ളവരാണ് യൂത്ത്‍ലീഗിന്റെ പ്രവർത്തകർ'' എന്നിങ്ങനെയായിരുന്നു പ്രസംഗം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.