കാൻസർ ബാധിതരായ കുട്ടികൾക്ക് താങ്ങായി തിരുവനന്തപുരത്ത് ‘ഹോം എവേ ഫ്രം ഹോം’
തിരുവനന്തപുരം: കാൻസർ ചികിത്സക്കായി ആർ.സി.സിയിലെത്തുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇനി തികച്ചും സൗജന്യമായി തലസ്ഥാനത്ത് താമസിക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുട്ടികളുടെ ചികിത്സ മുടങ്ങുന്നത് തടയാൻ സന്നദ്ധ സംഘടനയായ ആക്സസ് ലൈഫ് ഒരുക്കുന്ന ‘ഹോം എവേ ഫ്രം ഹോം’ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. നന്ദാവനം വികാസ് ഭവന് സമീപം വിമലാലയത്തിൽ ആരംഭിച്ച കേന്ദ്രം ആർ.സി.സി ഡയറക്ടർ ഡോ. രജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ദൂരെനിന്ന് ചികിത്സക്കെത്തുന്ന 11 കുടുംബങ്ങൾക്ക് ഒരേസമയം താമസിക്കാം. സുരക്ഷിത താമസത്തിന് പുറമെ പോഷകാഹാരം, ഗതാഗത സൗകര്യം, കൗൺസലിങ്, കുട്ടികൾക്കുള്ള വിദ്യാഭ്യാസ പിന്തുണ എന്നിവയും സൗജന്യമായി ലഭ്യമാക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തമിഴ്നാട്, കർണാടക, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുടക്കം പ്രതിവർഷം അഞ്ഞൂറിലധികം പുതിയ പീഡിയാട്രിക് കാൻസർ രോഗികളാണ് ആർ.സി.സിയിൽ ചികിത്സ തേടിയെത്തുന്നത്. ആർ.സി.സി പീഡിയാട്രിക് ഓങ്കോളജി വിഭാഗം അഡീഷനൽ പ്രഫ. ഡോ. സി.എസ്. ഗുരുപ്രസാദ്, ആക്സസ് ലൈഫ് ഫൗണ്ടറും ചെയർമാനുമായ ഗിരീഷ് നായർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.