ഇടനിലക്കാരുടെ ചൂഷണത്തിന് പൂട്ടിടാൻ പുതിയ സംവിധാനം; മോട്ടോർ വാഹന വകുപ്പിന്‍റെ 60 സേവനങ്ങൾ, നാളെ മുതൽ ആധാർ അധിഷ്ഠിതം
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്‍റെ 60 സേവനങ്ങൾ തിങ്കളാഴ്ച മുതൽ ആധാർ അധിഷ്ടിതമാകും. ഏജന്‍റുമാരുടെ ഇടനില ഒഴിവാക്കി സേവനം കൂടുതൽ സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപേക്ഷ ഓൺലൈനായി നിർവഹിക്കാനാകുന്ന സംവിധാനം ഏർപ്പെടുത്തുന്നത്. വാഹന സംബന്ധമായ സേവനങ്ങൾ നൽകുന്ന വാഹൻ, ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾക്കുള്ള സാരഥി എന്നീ പോർട്ടലുകൾ വഴിയുള്ള സേവനങ്ങളാണ് പൂർണമായും ഓൺലൈനാക്കുക.
നിലവിൽ 21 സേവനങ്ങൾ മാത്രമാണ് നേരിട്ട് ഹാജരാകേണ്ടാത്ത രീതിയിൽ ലഭ്യമായിട്ടുള്ളത്. ബാക്കിയുള്ളവക്ക് കൃത്യമായ ഒ.ടി.പി പരിശോധന ഇല്ലാത്തതിനാൽ ഇടനിലക്കാർ അപേക്ഷകരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. അപേക്ഷ മനഃപൂർവം വൈകിപ്പിച്ച ശേഷം വേഗത്തിലാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന പ്രവണത തടയുകയാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ക്രമീകരണം നിലവിൽ വരുന്നതോടെ ഏജന്‍റിന്‍റെ കൈവശം വാഹനരേഖകൾ ഏൽപ്പിച്ച് ഫീസും നൽകിയാൽ അപേക്ഷ നടപടികൾ പൂർത്തിയാവില്ല. ആധാർ രജിസ്റ്ററുമായി ബന്ധിപ്പിച്ച് വാഹന ഉടമയുടെ ഫോൺ നമ്പറിലേക്കാണ് ഒ.ടി.പി എത്തും. നിലവിൽ ആധാറോ ഫോൺ നമ്പറോ നൽകാനുള്ള ഓപ്ഷനുണ്ട്. പലപ്പോഴും ഏജന്‍റുമാർ സ്വന്തം മൊബൈൽ നമ്പർ നൽകി ഒ.ടി.പി സ്വന്തം ഫോണിൽ സ്വീകരിച്ചാണ് നടപടി പൂർത്തീകരിക്കുക. ഇനിയത് സാധിക്കില്ല. പുതിയ സംവിധാനം വരുന്നതോടെ അപേക്ഷകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണന ക്രമത്തിലാകും തീർപ്പാക്കുക.
വാഹന പരിശോധന, അനന്തരാവകാശികളെ തിരിച്ചറിയൽ, വ്യക്തിഗത വാദം കേൾക്കൽ എന്നിവക്ക് ഒഴികെ ഓഫിസുകളിൽ പോകേണ്ടതില്ല. ഇത്തരം ആവശ്യങ്ങൾക്കുള്ള സ്ലോട്ടുകൾ ‘നമ്മുടെ കേരളം’ പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. വ്യക്തിഗത വാദം കേൾക്കലിന് പോർട്ടലിലെ ‘വി മീറ്റ്’ സംവിധാനത്തിലൂടെ വീഡിയോ കോൾ വഴിയും ഹാജരാകാം. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് ഓഫിസുകളിൽ സമർപ്പിക്കേണ്ടതില്ല എന്നതും പുതിയ മാറ്റത്തിന്റെ പ്രത്യേകതയാണ്. ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ സാരഥി പോർട്ടൽ വഴിയും ഫിറ്റ്നസ് ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ വാഹൻ പോർട്ടൽ വഴിയുമാണ് ബുക്ക് ചെയ്യേണ്ടത്.
നേരത്തെ തന്നെ ആധാർ അധിഷ്ടിതമായ സേവനങ്ങൾ അട്ടിമറിക്കാൻ പലവട്ടം ശ്രമം നടന്ന സാഹചര്യത്തിൽ കരുതലതോടെയാണ് ഗതാഗത കമീഷണറേറ്റ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഏജന്‍റുമാരുടെ ഇടപെടൽ കുറയുന്നതോടെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് കിട്ടിയിരുന്നു കൈമടക്കും മുടങ്ങും. ഇതോടെ ഓഫിസുകൾ മെല്ലപ്പോക്കിലേക്ക് വഴിമാറുമോ എന്നതും കണ്ടറിയണം. ഓൺലൈനിലെത്തുന്ന അപേക്ഷകളിൽ ചവിട്ടിപ്പിടുത്തമുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.