വടിവാൾ ആക്രമണം: ക്വട്ടേഷൻ നേതാവ് ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ
തൊടുപുഴ: മുൻ വൈരാഗ്യത്തിൽ കാർ ഇടിപ്പിച്ചുനിർത്തി യുവാവിനെയും സംഘത്തെയും വടിവാളുകൊണ്ട് ആക്രമിച്ച കേസിൽ ക്വട്ടേഷൻ നേതാവ് ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. ഒന്നാംപ്രതിയും സൂത്രധാരനുമായ കുമാരമംഗലം സ്വദേശി കുന്നേൽ വീട്ടിൽ കെ. രതീഷ് (41), തൃശൂർ സ്വദേശി പള്ളിപ്പുറം വീട്ടിൽ റെജിൻ പി. രാജ് (ടുട്ടു-36), കുമാരംമംഗലം മേക്കുഴിക്കാട്ടു വീട്ടിൽ അഖിൽ ലാൽസൺ (അമ്പട്ടൻ-29 ), തൃശൂർ പള്ളിപ്പുറം വീട്ടിൽ പി.എ. അജിത്ത് (അയ്യപ്പൻ-37), കാളിയാർ സ്വദേശി തച്ചമറ്റത്തിൽ അനുജിത്ത് മോഹൻ (കുഞ്ഞമ്പിളി) എന്നിവരാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്.
സംഭവശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പാലക്കാട്ടുനിന്ന് വെള്ളിയാഴ്ച രാത്രിയാണ് പിടികൂടിയത്. രതീഷും ആക്രമണത്തിനിരയായ കുമാരമംഗലം സ്വദേശി കരിക്കുംതോട്ടത്തിൽ സനിത്ത് കെ. ശിവനും (34) തമ്മിലെ വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ് അറിയിച്ചു. സനിത്തിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ എത്തിയത്. എന്നാൽ, പവർകട്ട് ഉൾപ്പെടെ കാരണങ്ങളാൽ പദ്ധതി പാളുകയായിരുന്നു.
പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ആംബുലൻസും കൃത്യം നടത്തിയ സമയത്ത് സഞ്ചരിച്ച കാറും പിക് അപ് വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആംബുലൻസ് പെരുമ്പാവൂരിന് സമീപം കുറുപ്പംപടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തി. ഇതിൽനിന്ന് വടിവാളുകളും മറ്റും ലഭിച്ചു. ഈ വാഹനം വിൽപനക്ക് രണ്ടുമാസം മുമ്പ് രതീഷിനെ ഏൽപ്പിച്ചതായി ഉടമയായ പന്നിമറ്റത്തെ ഡോക്ടർ പൊലീസിനെ അറിയിച്ചു.
സനിത്തും സുഹൃത്തുക്കളായ യുവതികളും സഞ്ചരിച്ച കാർ രണ്ടു വാഹനങ്ങൾ ഉപയോഗിച്ച് തടഞ്ഞുനിർത്തിയശേഷമാണ് ആക്രമിച്ചത്. സി.ഐ കെ.പി. മനേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിബിൻ തോമസ്, അരുൺ ചന്ദ്രൻ, അനന്ദുശേഖർ, ഷംസുദ്ദീൻ, എ.എസ്.ഐ മധു, സി.പി.ഒമാരായ ബിജു, ജോയ്, അജിമോൻ, റമീസ് സലീം, ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.